കൊച്ചി: യുവതിക്കൊപ്പമുള്ള ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെട്ടി പണവും ആഭരണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശികളായ മഹേഷ് ജോർജ് (32), ഷിബു ജോർജ് (28) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
എറണാകുളം വളഞ്ഞമ്പലം ഭാഗത്ത് ജോബ് കൺസൾട്ടൻസി നടത്തുന്ന വ്യക്തിയിൽ നിന്നാണ് ഇവർ പണവും ആഭരണവും കവർന്നത്. ജനുവരി 9 നായിരുന്നു സംഭവം. ജോലി ആവശ്യത്തിനാണ് സ്ത്രീ യുവാവിനെ വിളിച്ചത്. വഴി അറിയില്ലെന്ന് പറഞ്ഞതിനാൽ യുവതിയുടെ അടുത്തേക്ക് കാറിലെത്തിയ യുവാവിനെ ഷാഡോ പൊലീസാണെന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തി. കാറിന്റെ താക്കോൽ ഊരിയെടുക്കുകയും പിന്നിലെ സീറ്റിലിരുത്തി മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവാവിന്റെ നാലുപല്ലുകൾ ഇളകിപ്പോയി. പിന്നീട് യുവതിയുമായി ചേർത്തുനിർത്തി മോശപ്പെട്ട ഫോട്ടോയെടുത്തു. തുടർന്ന് കൈയിലുണ്ടായിരുന്ന 12500 രൂപയും നാലര പവൻ തൂക്കമുണ്ടായിരുന്ന ചെയിനും പിടിച്ചുപറിച്ചു. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തു. ഫോട്ടോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്
പെടുത്തി പ്രതികൾ ഇയാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു.
തുടർന്ന് യുവാവിനെയും കൊണ്ട് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ കയറി മദ്യപിച്ചു. പ്രതികളുടെ ബോധംപോയ സമയത്ത് കാറെടുത്ത് പരാതിക്കാരൻ രക്ഷപ്പെടുകയായിരുന്നു. വീണ്ടും ആ സ്ത്രീ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോഴാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വിബിൻകുമാർ, തോമസ് പള്ളൻ, സീനിയർ സി.പി.ഒ അനീഷ്, സി.പി.ഒമാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവരുമുണ്ടായിരുന്നു