ആലുവ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ ആലുവ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേഗതകൂട്ടി. മുന്നണികൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിൽ നിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.
അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ സിറ്റിംഗ് എം.എൽ.എ അൻവർ സാദത്ത് തന്നെയായിരിക്കും യു.ഡി.എഫിന്റെ തേരാളി. ഇപ്പോഴത്തെ സാഹചര്യത്തിൽ അട്ടിമറിക്കും സാദ്ധ്യതയില്ല. എ ഗ്രൂപ്പിലെ ചിലർ നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തറുടെ പേര് ഉയർത്തി കാണിക്കുന്നുണ്ടെങ്കിലും പരിഗണിക്കില്ല. സാദത്തിന്റെ ജനകീയ പിന്തുണയാണ് പ്രധാന കാരണം. 2011ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്നും അൻവർ സാദത്ത് സീറ്റ് തിരിച്ചുപിടിച്ചതാണ്. 2016 ആയപ്പോൾ സാദത്ത് ഭൂരിപക്ഷം ഇരട്ടിയാക്കി. ഈ സാഹചര്യത്തിൽ മറിച്ചൊരാളുടെ പേര് ചിന്തിക്കാൻ പോലും നേതൃത്വത്തിനാകില്ല.
സി.പി.എം നാല് പേരെയാണ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാദത്തിനോട് പരാജയപ്പെട്ട ജി.സി.ഡി.എ ചെയർമാൻ വി. സലീം, നെടുമ്പാശേരി ഏരിയ കമ്മിറ്റിയംഗവും ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ കെ.കെ. നാസർ, ചൂർണിക്കര ലോക്കൽ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ജലീൽ, പാർട്ടിയംഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. എ.ജെ. റിയാസ് എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സലീമിന്റെ താത്പര്യകുറവും ആലങ്ങാട് കാറിടിച്ച് ആരോഗ്യ പ്രവർത്തക മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജലീലിന്റെയും പേര് അവസാനവട്ട ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായാണ് വിവരം.
സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിലാണ് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗമായ സി.കെ. ജലീൽ പട്ടികയിലെത്തിയത്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനുമായുള്ള വ്യക്തിപരമായ സൗഹൃദമാണ് കാരണം. പട്ടികയിൽ മുൻഗണന ഇദ്ദേഹത്തിനുമായിരുന്നു. ഇതിനിടയിലാണ് മൂന്നാഴ്ച്ച മുമ്പ് ഇദ്ദേഹം ഓടിച്ച വാഹനം ഇടിച്ച് യുവതി മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയതാണ് വിവാദമായത്. സംഭവം വിവാദമാക്കാൻ ഒരു വിഭാഗം സി.പി.എമ്മുകാരും ഇടപെട്ടതായി ആക്ഷേപമുണ്ട്. ഇതോടെയാണ് ജലീലിന്റെ സ്ഥാനാർത്ഥി സാദ്ധ്യത മങ്ങിയത്.
എൻ.ഡി.എയിലാണെങ്കിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപിയും ലോയേഴ്സ് പരിഷത്തിന്റെ നേതാവുമായ അഡ്വ. എം.എ. വിനോദുമാണ് പരിഗണനയിലുള്ളത്. 2011ൽ ഗോപി ഇവിടെ സ്ഥാനാർത്ഥിയായിരുന്നു. ജില്ലയിൽ അന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥികളിൽ ഏറ്റവും അധികം വോട്ട് നേടിയത് ഗോപിയാണ്. 2016ൽ ലത ഗംഗാധരൻ മത്സരിച്ചപ്പോൾ 19,000ത്തോളം വോട്ട് നേടി. ആലുവയിലെ ബി.ജെ.പി നേതാക്കളിൽ ഏറ്റവും ജനകീയൻ എന്ന അംഗീകാരമാണ് ഗോപിക്ക് അനുകൂലമായ ഘടകം.
യു.ഡി.എഫിന്റെ കുത്തകയായിരുന്ന മണ്ഡലം 2006ൽ എ.എം. യൂസഫിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഏഴാം വട്ടം മത്സരത്തിനിറങ്ങിയ കെ. മുഹമ്മദാലിയെയാണ് അന്ന് യൂസഫ് പരാജയപ്പെടുത്തിയത്.