
കൊച്ചി: എറണാകുളം മരടിൽ നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് ഒരു മരണം. തൃശൂർ സ്വദേശിനി ജോമോൾ ആണ് മരിച്ചത്. അപകടത്തിൽ ഇവരുടെ സഹോദരൻ സാൻജോയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട ജോമോളെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങവേ ഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ തൃപ്പുണിത്തുറ സ്വദേശി തമ്പിയും മരിച്ചു. മരട് കൊട്ടാരം ജംഗ്ഷനിൽ ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലേക്ക് ഇടിച്ചു കേറിയാണ് അപകടം സംഭവിച്ചത്.
സാൻജോ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6.45ഓടെ മരട് ന്യുക്ലിയസ് മാളിന് സമീപമാണ് അപകടമുണ്ടായത്.
തൃശൂർ സ്വദേശികളായ സഹോദരനും സഹോദരിയും ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനായാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. യാത്രാ മദ്ധ്യേയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സഹോദരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരെത്തിയാണ് സഹോദരനെ ആശുപത്രിയിൽ എത്തിച്ചത്. മരട് പൊലീസ്, തൃപ്പൂണിത്തുറ ട്രാഫിക്ക് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.