high-court

കൊച്ചി:ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ കെ. അനിൽകുമാർ പദവിയിൽ തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‌ഇതേ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാല്പര്യ ഹർജിയുമായി എത്തുന്നവരുടെ കൈകളും മനസും ശുദ്ധമായിരിക്കണമെന്ന് മുന്നറിയിപ്പു നൽകിയ ഹൈക്കോടതി ഹർജിക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

ഭക്ഷ്യസുരക്ഷ (ലബോറട്ടറി) ജോയിന്റ് കമ്മിഷണറായി വിരമിച്ച കൊച്ചി തൃക്കാക്കര സ്വദേശി ബി. സുധർമ്മയ്ക്കു പുറമേ കായംകുളം സ്വദേശി ജോസഫ് ഷാജി ജോർജ്, കൊച്ചി സ്വദേശി വി.എൻ.അശോകൻ, ഒറ്റപ്പാലം സ്വദേശി സി.പി. രാമചന്ദ്രൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ലീഗൽ) സ്ഥാനത്തേക്ക് അനിൽകുമാറിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്ന് ആരോപിച്ചായിരുന്നു ഹർജി. ഈ നിയമനത്തിന് യോഗ്യതയോ നടപടിക്രമമോ നിശ്ചയിക്കുന്ന ചട്ടം നിലവിലില്ലെന്നും ഭരണഘടനാപരമായ അധികാരമുപയോഗിച്ചുള്ള സർക്കാർ നിയമനത്തിൽ അപാകതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

 കോടതി പറഞ്ഞത്

മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ച അനിൽകുമാറിന്റെ പ്രവർത്തന മികവ് ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. അനിൽകുമാറിന് ഐ.എ.എസ് ലഭിക്കാതിരിക്കാൻ യു.പി.എസ്.സി ചെയർമാന് ഇവർ പരാതി നൽകിയതിന് തെളിവുണ്ട്.

പ്രൊമോഷൻ, പെൻഷൻ ആനുകൂല്യങ്ങൾ വൈകാൻ കാരണം അനിൽകുമാറാണെന്നാരോപിച്ച് ഇവർ കെ.എ.ടിയിലെ കേസുകളിൽ അദ്ദേഹത്തെ എതിർകക്ഷിയാക്കിയിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ വീതിച്ചു നൽകാൻ ഡയറക്ടറേറ്റിനെ നാലായി തിരിച്ചതിന്റെ ആനുകൂല്യം നേടി വിരമിച്ചശേഷം ഹർജിക്കാരി പരാതി ഉന്നയിക്കുന്നത് വിചിത്രമാണ്.