tc-c

ഏലൂർ: കേരളത്തിൽ വൻകിട വ്യവസായങ്ങളേക്കാൾ സാദ്ധ്യത കൂടുതൽ ചെറുകിട വ്യവസായങ്ങൾക്കാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. വ്യവസായികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികളാണ് ഇടതു സർക്കാർ കൈക്കൊള്ളുന്നത്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ പുതിയ രണ്ടു പ്രോജക്റ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ വ്യവസായങ്ങൾ തുടങ്ങാൻ മുപ്പതോളം അനുമതിപത്രങ്ങൾ വേണ്ടിയിരുന്നു. ഈ കാലതാമസം ഒഴിവാക്കാൻ സൊസൈറ്റി സെൽ രൂപീകരിച്ചു. സംസ്ഥാനത്ത് വ്യവസായം തുടങ്ങിയാൽ മൂന്ന് മാസത്തിനുള്ളിൽ രേഖകൾ സമർപ്പിച്ചാൽ മതി. മന്ത്രി പറഞ്ഞു.

നഷ്ടത്തിലായിരുന്ന ടി.സി.സി 23 വർഷങ്ങൾക്കു ശേഷം 85 ലക്ഷം രൂപ സർക്കാരിലടച്ചു. 922 കോടി രൂപയുടെ വിറ്റുവരവുണ്ട്. നികുതി - തീരുവ ഇനത്തിൽ 154 കോടി രൂപയും സർക്കാാർ ഖജനാവിലേക്ക് നൽകി. കൊവിഡ് പ്രതിസന്ധിയിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ മാനേജിംഗ് ഡയറക്ടർ ഹരികുമാറിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഓഖി - കൊവിഡ് നിയന്ത്രണ നടപടികൾക്ക് സി.എം.ഡി. ആർ. എഫ് ലേക്ക് 50 കോടി നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്ക് 40,000 ലിറ്റർ സോഡിയം ഹൈപ്പോക്ലോറൈറ്റ് പൊതുജനങ്ങൾക്കും പഞ്ചായത്തുകൾക്കും എൻ.ജി.ഒ.എസിനും സൗജന്യമായി നൽകി. പ്രകൃതിസംരക്ഷണം, ഊർജ സംരക്ഷണം, മാലിന്യമുക്തപ്രവർത്തനം എന്നിവക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പനി നടത്തുന്ന പ്രവർത്തനങ്ങളെയും മന്ത്രി എടുത്തു പറഞ്ഞു.ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം .എൽ. എ, ചെയർമാൻ മുഹമ്മദ് ഹനീഷ്, നഗരസഭാ ചെയർമാൻ എ.ഡി .സുജിൽ, കൗൺസിലർ കൃഷ്ണപ്രസാദ്, ടി.സി.സി തൊഴിലാളി യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ , ജനറൽ മാനേജർ അബ്ദുൾ നാസർ പി.എം. എന്നിവർ സംസാരിച്ചു.