മൂവാറ്റുപുഴ: നിർമല കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സ്വപ്ന പദ്ധതിയായ 'കൂടെ' സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും പതിവുപോലെ ജോലിയും മറ്റുപ്രവർത്തനങ്ങളും പുനരാരംഭിക്കുകയും വിദ്യാലയങ്ങൾ തുറക്കാതെ വീട്ടിൽത്തന്നെ തുടരാൻ നിർബന്ധിതരായിരിക്കുകയും ചെയ്യുന്ന എൽ. കെ. ജി. മുതൽ ഒമ്പതാംക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വിദ്യാഭ്യാസപരമായും വൈകാരികമായും മാനസികമായും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് 'കൂടെ'യുടെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസും ഡോ. ആൽബിഷ് കെ. പോളും പറഞ്ഞു.
കോളേജിലെ ഇരുന്നൂറ് എൻ.എസ്.എസ് വോളിന്റിയർമാരും സ്വന്തം വീടിന്റെ പരിസരത്തുള്ള ഒരു കുട്ടിയെ വീതം ഇരുന്നൂറ് കുട്ടികളെ ദത്തെടുക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഓൺലൈൻ ക്ലാസുകളുടെ പേരിൽ സ്മാർട്ട് ഫോണും ഇന്റർനെറ്റും സ്വന്തമായി കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്ന കുട്ടികളെ ഉത്തരവാദിത്വത്തോടെ ഇത് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കലും പരിപാടിയുടെ ഭാഗമാണ്. ഇതിനുള്ള പ്രഥമഘട്ട പരിശീലിനം വോളിന്റിയർമാർക്ക് നൽകി. ഈ പരിപാടിക്ക് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫും ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടനും പറഞ്ഞു.