കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും മേൽനോട്ടത്തിനുമായി നിരീക്ഷണസമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേയർ, കോർപ്പറേഷൻ സെക്രട്ടറി, ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷൻ, ഹരിതട്രിബ്യൂണൽ ,മലിനീകരണനിയന്ത്രണ ബോർഡ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന സമിതി മാസത്തിലൊരിക്കൽ പ്ളാന്റ് സന്ദർശിച്ച് പോരായ്മകൾ പരിഹരിക്കണമെന്നാണ് നിർദേശം. പ്രളയത്തെയും വെള്ളക്കെട്ടിനെയും അതിജീവിച്ച പ്ളാന്റ് ഏതു നിമിഷവും തകർന്നുവീഴുമെന്ന അവസ്ഥയിലാണ്. വർഷാവർഷം ബഡ്‌ജറ്റിൽ പണം അനുവദിക്കുന്നതല്ലാതെ കഴിഞ്ഞ പത്തു വർഷമായി പ്ളാന്റിൽ യാതൊരു വിധത്തിലുള്ള അറ്റകുറ്റപണികളും നടത്തിയിട്ടില്ല.പുതിയ പ്ളാന്റ് വരുന്നതുവരെ നിലവിലുള്ളതിനെ സുരക്ഷിതമായി നിലനിർത്താനുള്ള മാർഗങ്ങൾ അക്കമിട്ട് പറഞ്ഞ് പ്ളാന്റ് നടത്തിപ്പുകാരനായ എ.എ.ബൈജു മേയർ അഡ്വ.എം.അനിൽകുമാറിന് കത്ത് നൽകി.

പ്രതിച്ഛായ മാറ്റണം

പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി പ്ളാന്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണം. മാസത്തിൽ ഒരു ദിവസമെങ്കിലും പ്ളാന്റ് സന്ദർശിക്കാനും സംസ്കരണം നേരിൽ കാണാനും ജനങ്ങൾക്ക് അവസരം നൽകണം.

1.യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റ പണികൾ പൂർത്തിയാക്കുക

2.ആധുനിക മെഷീനുകൾ സ്ഥാപിക്കുക

3.ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

4.മാലിന്യത്തിൽ നിന്ന് നിത്യേന ശരാശരി 90 ടൺ വളം വരെ ഉത്പാദിപ്പിക്കുണ്ട്. ഇത് സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലം ഒരുക്കുക.

5.പുതുതായി രണ്ട് മെഷീനുകൾ കൂടി സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിച്ചാൽ വളം വില്പനയിലൂടെ കോർപ്പറേഷന് വരുമാനം 6.നേടാം.കുടുംബശ്രീ വഴി നിരവധി പേർക്ക് തൊഴിൽ നൽകാം.

7.വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പ്ളാന്റിന്റെ തറ നിരപ്പ് ഉയർത്തുക

8.പ്ളാന്റ് വളപ്പിൽ കുന്നു കൂടി കിടക്കുന്ന പ്ളാസ്റ്റിക്കിൽ നിന്ന് തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ അവശിഷ്‌ടമായി ബ്രഹ്മപുരത്ത് നിക്ഷേപിച്ചിരിക്കുന്ന ചെളിയും മണ്ണുമിട്ട് പ്ളാസ്റ്റിക് കുഴിച്ചുമൂടുക

9.പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം ആ ഭാഗത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ മാതൃക ജൈവ കൃഷികേന്ദ്രം ഒരുക്കുക

10.പ്ളാന്റിന്റെ ചുറ്റുമുള്ള പാടത്ത് ഉണ്ടായിരുന്ന നെൽകൃഷി കോർപ്പറേഷന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുക

11.മേയറുടെയും സെക്രട്ടറിയുടെയും ഓഫീസിൽ കാമറ വച്ച് പ്ളാന്റിലെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുക

12.പ്ളാസ്റ്റിക് നിരോധനം കർശനമാക്കുക