കൊച്ചി: വിവിധ ഫാർമസി കോളേജുകളിൽ 2019 സെപ്തംബർ 15 വരെ പ്രവേശനം നൽകിയ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നൽകാൻ കേരള ആരോഗ്യ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 2019 ആഗസ്റ്റ് 31 നുശേഷം പ്രവേശനം നേടിയവരുടെ അഡ്മിഷൻ മരവിപ്പിച്ച പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നെയ്യാറ്റിൻകര മാരായമുട്ടം എഴുത്തച്ഛൻ കോളേജ് ഒഫ് ഫാർമസി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
വൈകി പ്രവേശനം നേടിയവരിൽ പരീക്ഷയെഴുതിയ കുട്ടികളുടെ ഫലം പ്രഖ്യാപിക്കാൻ നടപടി വേണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. കേരള ആരോഗ്യ സർവകലാശാല 2019 സെപ്തംബർ അഞ്ചിനിറക്കിയ സർക്കുലർ അനുസരിച്ച് പ്രവേശനത്തീയതി സെപ്തംബർ 15 വരെ നീട്ടിയിരുന്നു. സുപ്രീംകോടതി പിന്നീട് പ്രവേശന നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി 2019 ആഗസ്റ്റ് 31നുശേഷമുള്ള പ്രവേശനങ്ങൾ മരവിപ്പിച്ച് പ്രവേശന മേൽനോട്ടസമിതി ഉത്തരവു നൽകി.
2019 നവംബർ 25 നാണ് സുപ്രീം കോടതി പ്രവേശനം തടഞ്ഞ് ഇടക്കാല ഉത്തരവു നൽകിയത്. ഇൗ സാഹചര്യത്തിൽ നവംബർ മുതലുള്ള പ്രവേശനത്തിനാണ് തടസമുള്ളതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.