കൊച്ചി: നഗരത്തെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേയർ അഡ്വ.എം അനിൽകുമാർ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ കലാകാരന്മാർക്കായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥിരം വേദി ഒരുക്കുമെന്നും അദേഹം പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ജോസ് ജംഗ്ഷനിലെ കംഫർട്ട് പ്ലാസ ഓപ്പൺ എയർ തിയേറ്റർ കലാകാരന്മാർക്കായി തുറന്ന് നൽകിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കംഫർട്ട് പ്ലാസ ഓപ്പൺ എയർ തിയേറ്റർ തുറന്നു നൽകിയെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് പരിപാടികൾ നിർത്തിവച്ചു. കഴിഞ്ഞ ദിവസമാണ് വീണ്ടും വേദി കലാകാരന്മാർക്കായി തുറന്ന് നൽകിയത്. മുളകൊണ്ട് നിർമ്മിച്ച വ്യത്യസ്ത വാദ്യോപകരണങ്ങളുമായി സംഗീതം അവതരിപ്പിക്കുന്ന വയലി ഗ്രൂപ്പിന്റെ ബാംബു മ്യൂസിക്‌സാണ് ഇന്നലെ വേദിയിൽ അരങ്ങേറിയത്. സെന്റ് തെരേസാസ് കോളജിലെ അസി. പ്രൊഫസർ അരുണിമ അവതരിപ്പിച്ച ഭരതനാട്യവുമുണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് ഓപ്പൺ എയർ തിയേറ്റർ പ്രവർത്തിക്കുന്നത്.