iti

കളമശേരി: അറിവും കഴിവുകളും വികസിപ്പിച്ച് തൊഴിൽമേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവതലമുറയ സജ്ജരാക്കുന്നതിന് നൈപുണ്യവികസന പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. കളമശേരി ഗവൺമെന്റ് ഐ. ടി. ഐയുടെ പുതിയ വർക് ഷോപ്പ് കോംപ്ലക്സിന്റെയും നവീകരിച്ച ആർ.ഐ. സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി.ഐ പരിശീലനം നേടിയിട്ടില്ലാത്തവർക്ക് തൊഴിൽപരിശീലനം നൽകുന്നതിന് ബേസിക് ട്രെയിനിംഗ് പ്രാവൈഡർ പദ്ധതിപ്രകാരം പരിശീലനത്തിനും ആർ.ഐ സെന്റർ സംവിധാനം ഒരുക്കിയിട്ടുണ്ട് . അപ്രന്റീസ് ' പരിശീലനപദ്ധതി കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക രീതിയിൽ കെട്ടിടം നവീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1376 ട്രയിനികൾ പരിശീലനം നേടുന്ന ഐ.ടി.എ എഫ്.എ.സി.ടി, സാംസംഗ് , മാരുതി , ഫോക്സ് വാഗൺ , ടൊയാട്ട തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്രെയിനികൾക്ക് ജോലി സാദ്ധ്യത ഉറപ്പാക്കുന്നുണ്ട് . വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് ബേസിക് ട്രെയിനിംഗ് പ്രാവൈഡർ പദ്ധതിയിലൂടെ നൈപുണ്യപരിശീലനം നൽകുന്നതും ശ്രദ്ധേയമാണ് . 64 കമ്പനികളുമായി ചേർന്ന് ജോബ്ഫെയറും നടത്തിവരുന്നു . ഐ.ടി.ഐയുടെ ഭാവിവികസനത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും . വിവിധ തൊഴിൽസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആർ ഐ സെന്റർ പരിശീലനപദ്ധതി വിജയകരമായി നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ,വാർഡ് കൗൺസിലർ നെഷീദ സലാം,ഐ.ടി.ഐ പ്രിൻസിപ്പാൾ രഘുനാഥൻ.പി.കെ,വൈസ് പ്രിൻസിപ്പാൾ എൽദോ.എം.ജി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ഇന്ദു.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.