congress
ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്ര അദ്വൈതാശ്രമ കവാടത്തിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ഗാന്ധി സ്മൃതി യാത്ര തോട്ടക്കാട്ടുകരയിൽ എ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. ഉദ്ഘാടകനായ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉൾപ്പെടെയുള്ള എ ഗ്രൂപ്പുകാരാരും എത്തിയില്ല.ബഹിഷ്കരണത്തിനെതിരെ മണ്ഡലം കമ്മിറ്റി ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകി. എ ഗ്രൂപ്പുകാരനായിരുന്ന മണ്ഡലം പ്രസിഡന്റ് എ.കെ. മുഹമ്മദാലി രണ്ട് വർഷം മുമ്പ് ഐ വിഭാഗത്തിലേക്ക് ചേക്കെറിയിരുന്നു. പിന്നാലെ പ്രസിഡന്റിനെ നീക്കണമെന്ന് എ ഗ്രൂപ്പുകാർ നിരന്തരം ബ്‌ളോക്ക് - ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ചെങ്ങമനാട് മണ്ഡലം പരിധിയിലാണ് പ്രസിഡന്റിന്റെ സ്ഥിരതാമസമെന്നും അതിനാൽ തോട്ടക്കാട്ടുകരയിൽ പ്രവർത്തനം ദുർബലമാണെന്നുമാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു മുഖ്യപ്രഭാഷണം നടത്തി. അതേസമയം ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പങ്കജാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിയാത്ര അദ്വൈതാശ്രമ കവാടത്തിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാസിൽ ഹുസൈന് പതാക കൈമാറി. നഗരപിതാവ് എം.ഒ. ജോൺ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, സെക്രട്ടറി ജെബി മേത്തർ, ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.എൻ.റ്റി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് പതാക കൈമാറി. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് മണ്ഡലം കമ്മറ്റി നടത്തിയ ഗാന്ധി സ്മൃതി യാത്ര ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.