കൊച്ചി : കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന ആഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ് നിർണയ സമിതി അദ്ധ്യയന വർഷത്തെ ഫീസ് നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി ബാലൻസ് ഷീറ്റിനു പുറമേ ലഡ്‌ജറുകളും വൗച്ചറുകളുമൊന്നും സമിതി ആവശ്യപ്പെടേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് ഹാജരാക്കിയാൽ ഇതിന്റെയടിസ്ഥാനത്തിൽ സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയിക്കണമെന്ന് നേരത്തെ ഹൈക്കോടതിയുടെ വിധി നിലവിലുണ്ട്. എന്നിട്ടും മറ്റു കണക്കുകൾ ഫീസ് നിർണയ സമിതി ചോദിക്കുന്നെന്നാരോപിച്ചാണ് കെ.എം. സി.ടി മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. കെ.എം. നവാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ ഫീസ് നിർണയ സമിതി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഫെബ്രുവരി ഒമ്പതിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി അന്നു വീണ്ടും പരിഗണിക്കും. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഇൗ വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് കഴിഞ്ഞ ഡിസംബർ 22 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഫീസ് പുനർനിർണയിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനാണ് ബാലൻസ് ഷീറ്റിനു പുറമേ മറ്റു രേഖകൾ കൂടി ഹാജരാക്കാൻ സമിതി ആവശ്യപ്പെട്ടത്.