ആലുവ: മറ്റെന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ റൂം വളപ്പിൽ നിന്നും ആക്രികൂട്ടം ഇതുവരെ നീക്കിയില്ല. ആലുവ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെയാണ് എസ്.പി ഓഫീസിന് സമീപം നേതാജി റോഡിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ റൂം തുറക്കുന്നത്.
വർഷങ്ങളോളം ഇവിടെയുണ്ടായിരുന്ന റൂറൽ ജില്ലാ വയർലെസ് വിഭാഗത്തെ ഇ.എസ്.ഐ റോഡിലേക്ക് മാറ്റിയ ശേഷമാണ് പഴയ കെട്ടിടം പൊളിച്ച് 2000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടം പൂർത്തിയാക്കിയത്.
ഭൂരിഭാഗവും അപകടത്തിൽപ്പെട്ട വാഹനങ്ങളാണ്. റൂറൽ ജില്ല 15 കൺട്രോൾ റൂം വാഹനങ്ങളെല്ലാം എം.ഡി.ടി. ടാബ് വഴി കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത്യാഹിത നമ്പറായ 112ലേക്ക് വരുന്ന ഫോൺകോളുകൾ ബന്ധപ്പെട്ട ഓഫീസുമായി ബന്ധിപ്പിക്കുന്ന ചുമതലയാണ് റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ റൂമിന്റേത്. അതിനാൽ പരാതിക്കാർ ഇവിടേക്ക് വരേണ്ടതില്ല.
എമർജൻസി റെസ്‌പോൺസ് സർപ്പോട്ടിങ് സിസ്റ്റം (ഇ.ആർ.എസ്.എസ്.) വഴി ഈ വാഹനങ്ങളിലേക്ക് ആവശ്യമായ നിർദ്ദേശം നൽകുന്നതും ഇവിടെ നിന്നാണ്. കൺട്രോൾ റൂം വാഹനങ്ങളുടെ ചലനവും ഇവിടെ നിന്ന് നിരീക്ഷിക്കാം. റൂറൽ ജില്ലയിലെ ഹൈവേ പെട്രോളിങ്, പിങ്ക് പൊലീസ് എന്നിവയുടെ നിയന്ത്രണവും ഇവിടെയാണ്. ആലുവ നഗരത്തിൽ സ്ഥാപിച്ച 70 സി.സി.ടി.വി. കാമറകൾ നിരീക്ഷിക്കുന്നതും ഇവിടെയാണ്.
കൂട്ടിയിട്ടിരിക്കുന്നത് കേസിൽപ്പെട്ട വാഹനങ്ങൾ
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ വാഹനങ്ങളാണ് ഈ കോമ്പൗണ്ടിലേക്ക് മാറ്റിയിട്ടിരുന്നത്.
മിനി ലോറി ഉൾപ്പെടെയുള്ളവ തുരുമ്പെടുത്ത് പൂർണമായും ഉപയോഗശൂന്യമാണ്. ആക്രിയായി വിൽക്കാൻ മാത്രമെ കഴിയു. കോടതി അനുമതിയോടെ ഇതിനാവശ്യമായ നടപടി പൊലീസ് സ്വീകരിച്ചെങ്കിൽ മാത്രമെ ഇവ നീക്കം ചെയ്യാൻ കഴിയൂ. നേരത്തെ ട്രാഫിക്ക് സ്റ്റേഷൻ വളപ്പിലും റോഡിലുമായി സൂക്ഷിച്ചിരുന്നവയാണ് ഇങ്ങോട്ട് മാറ്റിയത്. കെട്ടിടത്തിന്റെ മുൻവശത്ത് തന്നെയാണ് ആക്രിപരുവത്തിലായ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.