കൊച്ചി: കാറിൽ സഞ്ചരിക്കവേ ലോറിയിടിച്ച് മരിച്ച യുവതിക്കൊപ്പം ഉണ്ടായിരുന്ന സഹോദരനെ ആശുപത്രിയിലെത്തിച്ച ഓട്ടോ തിരിച്ചുവരുന്നതിനിടെ മതിലിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം.
എറണാകുളം മരടിൽ ഉണ്ടായ അപകടത്തിൽ തൃശൂർ നെല്ലിക്കുന്ന് വട്ടക്കിണറിന് സമീപം മൂലംകുളം വീട്ടിൽ വർഗീസിന്റെ മകൾ ജെനറ്റാണ് (ജോമോൾ 43) ആദ്യം മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെനറ്റിന്റെ സഹോദരനെ ആശുപത്രിയിൽ എത്തിച്ചശേഷം മടങ്ങിയ ഓട്ടോറിക്ഷ മരട് കൊട്ടാരം ജംഗ്ഷനിൽ വച്ചു വീടിന്റെ മതിലിലിടിച്ചാണ് ഡ്രൈവർ തൃപ്പൂണിത്തുറ കണിയാമ്പറമ്പ് തെക്കുഭാഗം നന്ദനം വീട്ടിൽ തമ്പി (56) മരിച്ചത്.
ജെനറ്റിന്റെ സഹോദരൻ സാംഗി വർഗീസ് (45) നെട്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 6.45 ന് മരട് ന്യൂക്ലിയസ് മാളിന് സമീപം ജവഹർ ജംഗ്ഷനിലായിരുന്നു കാറപകടം.
മുളന്തുരുത്തിയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് സുഹൃത്തിന്റെ കാറിൽ വരികയായിരുന്നു ജെനറ്റും സാംഗിയും. എതിരേ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെനറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സാംഗിയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
നടത്തറയിൽ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് ജെനറ്റ്. സഹോദരങ്ങൾ: കുഞ്ഞുമോൾ ജോസ്,സുമോൾ ജോബി. സംസ്‌ക്കാരം ഞായർ ഉച്ചകഴിഞ്ഞ് നെല്ലിക്കുന്ന് ബ്രദറൺ സഭ സെമിത്തേരിയിൽ.
ഗിരിജയാണ് തമ്പിയുടെ ഭാര്യ. മക്കൾ: ഗീതു, ശ്രുതി. മരുമകൻ: വിനീത്. സംസ്കാരം ഇന്ന്.