nia

കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ വയനാട് സ്വദേശി വിജിത്ത് വിജയൻ 2019ൽ വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ അടുത്ത കൂട്ടാളിയാണെന്നും ഇയാൾക്ക് മാവോയിസ്റ്റ് സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധമുണ്ടെന്നും എൻ.ഐ.എ അന്വേഷണ സംഘം ഇന്നലെ കോടതിയിൽ അറിയിച്ചു.

വിജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എറണാകുളത്തെ എൻ.ഐ.എ കോടതി അഞ്ചു ദിവസം വിട്ടു നൽകിയിരുന്നു. തിരിച്ചു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട ജലീൽ മുമ്പ് കോഴിക്കോട്ട് നടത്തിയ രഹസ്യ യോഗങ്ങളെക്കുറിച്ച് വിജിത്തിന് വിശദമായി അറിയാമായിരുന്നു. മാവോയിസ്റ്റ് കൃതികളുടെ തർജ്ജിമ നിർവഹിച്ചിരുന്ന വിജിത്ത് ആളുകളെ മാവോയിസ്റ്റ് സംഘടനയിലേക്ക് ആകർഷിക്കാനുള്ള പ്രചരണ പരിപാടികളിലും പങ്കാളിയായിരുന്നു.

പച്ച, ബാലു, മുസാഫിർ, അജയ് തുടങ്ങിയ വ്യാജപേരുകളിലാണ് വിജിത്ത് സംഘടനയിൽ സജീവമായിരുന്നത്. പന്തീരാങ്കാവ് കേസിൽ പിടികിട്ടാപ്പുള്ളിയായ സി.പി. ഉസ്മാനൊപ്പം രഹസ്യയോഗങ്ങൾ സംഘടിപ്പിക്കാൻ ഇയാൾ മുന്നിലുണ്ടായിരുന്നു. വിജിത്തിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയടക്കം ഇനിയും പൂർത്തിയാക്കാനുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.

ഇയാളെ ഫെബ്രുവരി 19 വരെ റിമാൻഡ് ചെയ്തു. 2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് അലൻ, ത്വാഹ എന്നീ വിദ്യാർത്ഥികൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ പിടിച്ചെടുത്തതോടെ കേസിൽ യു.എ.പി.എ ചുമത്തി അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. ഇരു പ്രതികൾക്കുമൊപ്പമുണ്ടായിരുന്ന സി.പി. ഉസ്മാൻ ഒാടി രക്ഷപ്പെട്ടു. ഇയാളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അലനെയും ത്വാഹയെയും ചോദ്യം ചെയ്തതിൽ നിന്നാണ് വിജിത്തിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്. ഇയാളുടെ മറ്റൊരു സുഹൃത്ത് എൽദോ വിൽസണിനെയും എൻ.ഐ.എ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.