കരുമാല്ലൂർ: പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പരുവക്കാട് മാളികംപീടിക ഭാഗങ്ങളിൽ ശനിയാഴ്ച പുലർച്ചയോടെ അറവുമാലിന്യം തള്ളിയതായി പരാതി.പഞ്ചായത്തിലെ എട്ടാം വാർഡിലെ തടിക്കക്കടവിൽ നിന്നും ആരംഭിക്കുന്ന ഇറിഗേഷൻ കനാലിലൂടെ കക്കൂസ് മാല്യന്യമടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണ്. പഞ്ചായത്തിലെ കാർഷിക മേഖലയായ മാളികം പീടിക ഭാഗത്തെ കർഷകർക്ക് മഴ നിലച്ചതോടെ പ്രദേശത്തെ കർഷകർ ജലദൗർലഭ്യം നേരിടുന്നതിനാൽ മുഴുവൻ സമയവും കനാലിൽ പമ്പിങ് നടത്തുകയാണ്. പുലർച്ചെ രണ്ടു മുതൽ ആരംഭിക്കുന്ന പമ്പിങ് രാത്രി വൈകിയും തുടരും. വസ്ത്രങ്ങൾ കഴുകുന്നതിനും കുളിക്കുന്നതിനും ഇത് പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് . ഇത്തരത്തിൽ മാലിന്യങ്ങൾനിക്ഷേപിക്കാൻ തുടങ്ങിയതോടെ കടുത്ത ദുർഗന്ധവും മറ്റും സമീപ വാസികൾക്ക് അസഹനീയമായിരിക്കുകയാണ്. നീരൊഴുക്ക് കുറവുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ കെട്ടി കിടന്ന് ദുർഗന്ധവും പകർച്ച വ്യാധികൾ ഉണ്ടാകാനും കാരണമായിത്തീരും.കരുമാല്ലൂർ പഞ്ചായത്തിലെ ആനച്ചാലിലും കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയതായി ശ്രദ്ധയിൽ പെട്ടിരുന്നു.പരാതി അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു സ്ഥലം സന്ദർശിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ വേണ്ട ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പരാതി ലഭിച്ചതോടെ ആലങ്ങാട് പൊലീസും അന്വേഷണം ആരംഭിച്ചു.