rice

കൊച്ചി: മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ നൽകുന്ന 15 രൂപയുടെ അരി റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നു.

ആവശ്യക്കാരുണ്ടെങ്കിലും വിതരണം നിറുത്തിവയ്ക്കാൻ സർക്കാർ ഉത്തരവുണ്ട്. പുതിയ ഭക്ഷ്യധാന്യ അലോട്ട്മെന്റ് വൈകുന്നതിനാൽ സ്റ്റോക്ക് ഇല്ലാത്ത കടകളിൽ കൂടി പൂർണമായും അരി എത്തിയശേഷം വിതരണം ആരംഭിച്ചാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.

സാധാരണ റേഷൻ വിഹിതത്തിന് പുറമേ നീല, വെള്ള കാർഡുകൾക്ക് നൽകുന്ന അരിയാണിത്. സെപ്തംബർ മാസമെടുത്ത സ്റ്റോക്കാണ് കെട്ടിക്കിടക്കുന്നത്.

ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഇവ വിതരണം ചെയ്യുമെന്ന് അറിയിച്ചെങ്കിലും തുടർനടപടികൾ ആയിട്ടില്ല. 100 ചാക്ക് വരെ സ്റ്റോക്കിരിക്കുന്ന കടകളുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ വിതരണത്തിനായി സ്റ്റോക്ക് എടുത്തവരുമുണ്ട്.

50 ലക്ഷത്തോളം നീല, വെള്ള കാർഡ് ഉടമകളുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരാത്ത കാർഡുടമകൾക്കാണ് സബ്‌സിഡി നിരക്കിൽ സർക്കാർ അരി വിതരണം ചെയ്യുന്നത്. 22.50 രൂപയ്ക്ക് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ (എഫ്.സി.ഐ) നിന്ന് വാങ്ങുന്ന അരിയാണ് 15 രൂപ നിരക്കിൽ 10 കിലോ വീതം കാർഡുടമകൾക്ക് നൽകുന്നത്.

മുൻകൂർ പണമടച്ച് എത്തിക്കുന്ന അരിയായതിനാൽ വി​റ്റഴി​ച്ചാലേ കടഉടമകൾക്ക് പണം കൈയിൽ വരൂ.

അടിയന്തര നടപടി വേണം

കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. റേഷൻകടയുടമകൾക്ക് സാമ്പത്തിക ബാദ്ധ്യതയാകുന്നുണ്ട്. സിവിൽ സപ്ലൈസ് മന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു. ബഡ്‌ജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

എൻ.ഷിജീർ

ഓർഗനൈസിംഗ് സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ

ഡീലേഴ്സ് അസോസിയേഷൻ