തൃപ്പൂണിത്തുറ: റേഷൻ കാർഡിൽ മറഞ്ഞിരിപ്പുണ്ട് അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷ്വറൻസ്. ആയുഷ്മാൻ ഭാരത് പദ്ധതിയും കേരള ആരോഗ്യ സുരക്ഷാ പദ്ധതിയും ചേർന്നുള്ളതാണ് സംസ്ഥാനത്തെ സാധാരണക്കാർക്കുള്ള ഈ ചികിത്സാ സഹായം.
റേഷൻ കാർഡിന് പുറകിലെ താളിൽ പി.എം.ജെ.എ.വൈ.കെ.എ.എസ്.പി, കാൾസ് പ്ലസ്, ആർ.എസ്.ബി. വൈ തുടങ്ങിയ ഏതെങ്കിലും മുദ്ര പതിച്ചിട്ടുണ്ടോ എന്ന് നോക്കിയാൽ മതി. ഉണ്ടെങ്കിൽ കുടുംബാംഗങ്ങൾ സൗജന്യ ചികിത്സാ സഹായത്തിന് അർഹരാണ്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത പ്രമുഖ സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. പണം അടയ്ക്കേണ്ടതുമില്ല.
ആശുപത്രിവാസത്തിന് മുമ്പത്തെ മൂന്ന് ദിവസത്തെയും ശേഷമുള്ള 15 ദിവസത്തെയും ചികിത്സാ ചെലവുകൾക്കും പദ്ധതി പ്രകാരം അർഹതയുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, പ്രായം, ലിംഗം ഒന്നും അർഹതയ്ക്ക് തടസമല്ല.
സംസ്ഥാനത്തെ 40 ശതമാനം ജനങ്ങളും ഈ ഇൻഷ്വറൻസിൽ ഉൾപ്പെടുന്നു. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ വരെ സൗകര്യം ലഭിക്കും. കൊച്ചിയിൽ സൺറൈസ് ആശുപത്രിയിൽ ബൈപ്പാസ് , ആൻജിയോ പ്ലാസ്റ്റി, കാൻസർ, മുട്ട് മാറ്റിവയ്ക്കൽ, നട്ടെല്ല് തുടങ്ങിയ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്യാം.
ഇക്കാര്യം ഈ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.കുൽദീപ് സിംഗ് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളിൽ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാണെന്നറിയാൻ പ്ലേ സ്റ്റോറിൽ നിന്ന് പി.എം.ജെ.എ.വൈ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതി.