ആലുവ: ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് വിശ്വാസികളുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാർ അഭിപ്രായപ്പെട്ടു.
ശബരിമല ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലങ്ങാട് യോഗം ട്രസ്റ്റ്, ശബരിനാഥ ആത്മീയ സംഘം എന്നിവ ആലുവയിൽ സംയുക്തമായി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സദസിൽ സംസാരിക്കുകയായിരുന്നു ഇവർ.
ശബരിമലയിൽ ശരിയായ വിധത്തിൽ ആചാര അനുഷ്ഠാനങ്ങൾ നടപ്പാക്കിയെങ്കിൽ മാത്രമെ അഴിമതിയും അനാചാരങ്ങളും അവസാനിപ്പിക്കാൻ കഴിയൂ. ഓരോ തവണയും മാറ്റം വരുന്ന ആചാരങ്ങളാണ് ശബരിമലയിൽ അടുത്തിടെയുണ്ടായ അനിഷ്ടങ്ങൾക്ക് കാരണം. അനാവശ്യമായാണ് 2016ൽ ശബരിമലയിലെ കൊടിമരം മുറിച്ചുനീക്കിയത്. തുടർന്ന് നിരവധി അനിഷ്ട സംഭവങ്ങളുണ്ടായി.
ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നേതൃത്വത്തിൽ പടിത്തരം ഉണ്ടാക്കാനുള്ള നടപടിയുണ്ടാകണം. ഭക്തർ ശബരിമലയിലേക്ക് നൽകുന്ന വസ്തുക്കൾ വിൽക്കുന്നവർ, ദർശനത്തിന്റെ പേരിൽ ഭക്തരെ കൊള്ളയടിക്കുന്ന ഇടനിലക്കാർ, ആചാരപരമായി ബന്ധമുള്ള കുടുംബങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നവർ തുടങ്ങിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും.
ശബരിമല മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, എസ്.ഡി. ശങ്കരൻ നമ്പൂതിരി, എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുധീർ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തിമാരായ വി.എൻ. അനീഷ് നമ്പൂതിരി, എം.എസ്. പരമേശ്വരൻ നമ്പൂതിരി, ആലങ്ങാട് യോഗം വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, പെരിയസ്വാമി മോഹനൻ ചന്ദ്രസ്വാമി, ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ കെ. അയ്യപ്പദാസ്, എ.സി. കലാധരൻ, എം.ജി. ഹരീഷ്കുമാർ, അജിത് കുമാർ കാമ്പിള്ളി, കൃഷ്ണകുമാർ, മധു, അരുൺകുമാർ എന്നിവർ സംസാരിച്ചു. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്ത സംഘടന ഭാരവാഹികളും സദസിൽ പങ്കെടുത്തു.