palam
തമ്മാനിമറ്റം തൂക്കു പാലം ഫയൽ ഫോട്ടോ

കോലഞ്ചേരി: കുന്നത്തുനാട്, പിറവം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന തമ്മാനിമറ്റം തൂക്കു പാലം തകർന്നിട്ട് രണ്ടു വർഷമായി. പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർനിർമിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പ്രളയാനന്തര പുനർനിർമാണത്തിനായി സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള അടക്കമുള്ള പദ്ധതികളൊന്നും ഈ തൂക്കുപാലത്തിന്റെ പുനർ നിർമാണത്തിന് തുണയാകുന്നില്ല. പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തു സർവീസ് നിലച്ചിരുന്നു. ഇപ്പോൾ പാലവും കടത്തുമില്ലാതെ വലയുകയാണ്.

പാലം നിർമിച്ചപ്പോൾത്തന്നെ തൂണിന് ചെറിയ ചരിവുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്തിനും ഏതിനും ഇവിടത്തുകാർ കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആശ്രയിക്കണം. ഒരു യാത്ര പോകണമെങ്കിൽക്കൂടി തമ്മാനിമ​റ്റത്തുകാരുടെ അവസ്ഥ ഇതാണ്. എങ്ങോട്ടു പോയാലും മൂന്നും നാലും കിലോമീ​റ്റർ സഞ്ചരിച്ചതിനുശേഷമേ യാത്ര തുടരാനാകൂ. എന്നാൽ, പാലം വന്നതോടെ ഈ ദുരിതത്തിന് അൽപ്പം ശമനമായിരുന്നു. എന്നാൽ അത് ഇല്ലാതായിട്ട് ഇപ്പോൾ ഇരുപത്തിനാല് മാസത്തോളമായി. രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തമ്മാനിമ​റ്റം കടവിൽ പാലം പൂർത്തിയായത് 2013ലാണ്. അടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂ​റ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്. പാലം നിർമിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് പാലം സഞ്ചാരയോഗ്യമാക്കി. എന്നാൽ, 2018ലെ പ്രളയം പാലം പിഴുതെടുക്കുകയായിരുന്നു. പാലത്തിന്റെ തമ്മാനിമ​റ്റം കരയിലെ തൂണ് തകർന്നാണ് തൂക്കുപാലം ഛിന്നഭിന്നമായത്.

നിവേദനം നൽകി

തമ്മാനിമ​റ്റം തൂക്കുപാലം സംബന്ധിച്ച വിഷയംനേരത്തെ അനൂപ് ജേക്കബ് എം.എൽ.എ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തൂക്കുപാലം പുനർനിർമിക്കാനാകുമോ എന്ന് പരിശോധിക്കാമെന്നായിരുന്നു റവന്യൂ മന്ത്റിയുടെ മറുപടി. ഇതേത്തുടർന്ന് പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പ് മന്ത്റിക്ക് നിവേദനം നൽകിയിട്ടുണ്ട്.

വെള്ള പൊക്ക ദുരിതാശ്വാസ ഫണ്ട് ലഭിച്ചില്ല

ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്നുമാണ് തൂക്കു പാലം പണിയാൻ ആദ്യം ഫണ്ടനുവദിച്ചത്. ആദ്യ പ്രളയത്തിൽ പാലം തകർന്നപ്പോൾ ഈ ഫണ്ടിൽ നിന്നും തുകയനുവദിച്ചാണ് അറ്റകുറ്റ പണി പൂർത്തിയാക്കിയത്. രണ്ടാം പ്രളയത്തിൽ തകർന്നതോടെ വെള്ള പൊക്ക ദുരിതാശ്വാസ ഫണ്ടിനായി ശ്രമിച്ചിരുന്നു, എന്നാൽ ലഭിച്ചില്ല. തുടർന്ന് റീ ബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മാണ തുക അനുവദിക്കുമെന്നറിയച്ചതിനെ തുടർന്ന് തൂക്കു പാലം പുനർ നിർമ്മിക്കാൻ എസ്റ്റിമേറ്റെടുത്ത് സമർപ്പിച്ചിട്ടുണ്ട് .