assinaji
അൽമ അന്ന ജോബി

മൂവാറ്റുപുഴ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഇൻസ്‌പെയർ അവാർഡ് മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയായ അൽമ അന്ന ജോബിക്കും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അസ്സിൻ അജിക്കും ലഭിച്ചു. 10000രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. വെയ്സ്റ്റ് ടയർ റീസൈക്ലിംങ്ങാണ് ഇൻസ്‌പെയർ അവാർഡിനായി അൽമ അന്ന ജോബി സമർപ്പിച്ച പ്രൊജക്ട്. ഉപയോഗ ശൂന്യമായ ടയറിൽ നിന്നും ഇരുമ്പു കമ്പിയും സൾഫറും നീക്കം ചെയ്ത് പൗഡർ രൂപത്തിലാക്കി വിവിധ കണ്ടൻസിംങ്ങ് നടത്തി അതിൽ നിന്നും ബയോഗ്യാസും ട്രക്ക് ഓയിലും ഉണ്ടാക്കുന്ന പ്രക്രിയയാണ് കണ്ടുപിടിച്ചത്. വെയ്സ്റ്റ് ടയർകൊണ്ട് പാവിംങ്ങ് ടൈൽ, വാൾ പാനലിംങ്ങ്, റോഡ് സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ കൃഷിയിടങ്ങളിൽ തട്ടു കൃഷി നടത്തുന്ന പുത്തൻ ആശയങ്ങൾ, ചതുപ്പ് നിലങ്ങൾ ഉറപ്പിക്കുന്ന സ്ഥലമാക്കി മാറ്റുന്നതുമായിരുന്നു അൽമയുടെ പ്രൊജക്ടിന്റെ സവിശേഷതകൾ. കോഴി അറവ് ശാലകളിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ ശേഖരിച്ച് അത് വൃത്തിയാക്കി കഴുകിയെടുത്ത് അരച്ച് ചൂടാക്കി കുറുക്കി ഇടിയപ്പം ഉണ്ടാക്കുന്ന ഉപകരണത്തിലൂടെ പെല്ലറ്റ് പരുവത്തിൽ മീൻ തീറ്റ ഉണ്ടാകുന്ന വിത്യസ്ഥമായ പ്രൊജക്ടായിരുന്നു അസ്സിൻ അജിയുടെത്. കോഴി മാലിന്യങ്ങൾ ഫെർന്റെഷൻ നടത്തി ദ്രാവക രൂപത്തിലുള്ള വളം നിർമിച്ച് പച്ചക്കറികൾക്കും ചെടികൾക്കും ഫലവൃക്ഷങ്ങൾക്കും അതിവേഗം വളർച്ചയെത്തുന്ന കണ്ടപിടുത്തമായിരുന്നു അസിന്റെ പ്രൊജക്ടിന്റെ സവിശേഷത. നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവർത്തി പരചയ വിഭാഗം ഇൻട്രക്ടർ ഡെന്നി മാത്യുവാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകിയതോടെയാണ് കുട്ടികളെ ഇൻസ്‌പെയർ അവാർഡിന് നോമിനേറ്റ് ചെയ്തത്.