ആലുവ: സംസ്ഥാനത്തെ പ്രധാന ജലശുദ്ധീകരണ ശാല പ്രവർത്തിക്കുന്ന ആലുവയിൽ, അവിടത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് ജീവിതം നരകതുല്യം. നഗരഹൃദയത്തിൽ പമ്പ് കവലയിലെ 15 കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി.
പമ്പ് കവലയിൽ നിന്നും 150 മീറ്റർ മാത്രം അകലമുള്ള ക്വാർട്ടേഴ്സ് റോഡ് ടാറിംഗ് നടത്തിയിട്ടും വർഷങ്ങളായി. ടാറിംഗ് പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. ഓട്ടോറിക്ഷ പോലും ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥ. ക്വാർട്ടേഴ്സുകളുടെ കാര്യമാണെങ്കിൽ അതിലേറെ കഷ്ടമാണ്. മേൽകൂര ഓടുമേഞ്ഞ കെട്ടിടത്തിൽ മഴ പെയ്താൽ വെള്ളം മുറികളിലായിരിക്കും. 15 കുടുംബങ്ങളും ഓടിന് മുകളിൽ മഴയെയും വെയിലിനെയും പ്രതിരോധിക്കാൻ പ്ളാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിടിയിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ വാതിലുകൾ പോലുമില്ലാത്ത ബാത്ത് റൂമാണ്. പരിസര പ്രദേശങ്ങളാണെങ്കിൽ വള്ളിപ്പടർപ്പുകൾ കയറി ഇഴജന്തുക്കളുടെ താവളമായി. താമസക്കാർ കുട്ടികളുമായി ഭീതിയോടെയാണ് കഴിയുന്നത്. യഥാർത്ഥത്തിൽ ഭാർഗവിനിലയത്തിന് സമാനമാണ് കെട്ടിടമെന്ന് ജീവനക്കാർ പറയുന്നു.
നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്
താമസക്കാർ പലവട്ടം വാട്ടർ അതോറിട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാക്കിയിട്ടില്ല. വാട്ടർ അതോറിട്ടിയുടെ സ്ഥലമായതിനാൽ നഗരസഭക്ക് റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് നിയമപരമായ തടസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ റോഡും ക്വാർട്ടേഴ്സ് കെട്ടിടങ്ങളും അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 11 -ാം വാർഡ് മെമ്പർ പി.എസ്. പ്രീത വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്നും പ്രീത മുന്നറിയിപ്പ് നൽകി.