മൂവാറ്റുപുഴ: ആനിക്കാട് കിഴക്കേ ഉപകനാൽ(നടുക്കര) ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവന പഞ്ചായത്തിലൂടെ കടന്ന് പോകുന്ന എം.വി.ഐ.പിയുടെ മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ഉപകനാലായ ആനിക്കാട് ഡിസ്ട്രിബ്യൂട്ടറിയുടെ 310 മീറ്റർ ചെയിനേജിൽ കാവിശ്ശേരിപ്പീടികയിൽ നിന്നും ആരംഭിച്ച് ആവോലി പഞ്ചായത്തിലെ നടുക്കര തോടിൽ അവാസിനിക്കുന്ന 1.855കി.മീറ്റർ നീളമുള്ള കനാലിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 2004ൽ കനാൽ നിർമിക്കാൻ പദ്ധതി തയ്യാറാക്കുകയും കരാർ നൽകുകയും ചെയ്തുവെങ്കിൽ സ്ഥലമേറ്റടുക്കാത്തതിനെ തുടർന്ന് പദ്ധതി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. തുടർന്ന് 2008ൽ സർക്കാർ പുതിയ ഉത്തരവ് ഇറക്കി ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുകയും ഐ.ഡി.ആർ.ബി ഡിസൈൻപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും അനുമതിയ്ക്കായി സമർപ്പിക്കുകയും ചെയ്തു. 2017ൽ 3.65കോടി രൂപയ്ക്ക് ടെൻഡർ ചെയ്യുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പൊതുമരാമത്ത് റോഡ് കട്ടിംഗിനും മറ്റും അനുവാദം ലഭിക്കാനുള്ള കാലതാമസവും പ്രവർത്തി ചെയ്തുവന്നപ്പോൾ ഉണ്ടായ ചിലമാറ്റങ്ങൾ കാരണം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിവരികയും ചെയ്തു. ഇതിന്റെ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസങ്ങളും പ്രളയങ്ങളും കൊവിഡ് 19 മഹാമാരിയുമെല്ലാം നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചതിനാൽ പദ്ധതി വൈകുകയായിരുന്നു. നിർമ്മാണം പൂർത്തിയായ ആനിക്കാട് കിഴക്കേ ഉപകനാലിലിന് 782മീറ്റർ ഓപ്പൺ കനാലും 576മീറ്റർ കരിങ്കല്ലിൽ തീർത്ത് കോൺഗ്രീറ്റ് കനാലും, 215മീറ്റർ ഭൂമിക്കടിയിലൂടെ തുരങ്ക കനാലും, 250മീറ്റർ ഫില്ലറുകൾ സ്ഥാപിച്ച് നിർമിച്ച അക്കഡൈറ്റ് കനാലും, 10കലുങ്കുകളും 1600മീറ്റർ ബണ്ട് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. ആയവന പഞ്ചായത്തിലെ 12ാം വാർഡ്, ആവോലി പഞ്ചായത്തിലെ ആറ്, പത്ത് വാർഡുകളിലൂടെയാണ് കടന്ന് പോകുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം 12ന്

പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 12ന് ജലസേജന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തെങ്ങ്, കവുങ്ങ്, പൈനാപ്പിൾ, പച്ചക്കറി, വാഴ, ജാതി, കിഴങ്ങ് വർഗങ്ങൾ അടക്കമുള്ള ഹെക്ടർ കണക്കിന് കൃഷിയ്ക്ക് ജലസേജന സൗകര്യം ഒരുക്കുന്നതിനും നൂറ് കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും പദ്ധതി ഉപകാരപ്പെടും.