gurudeva-sagamithara-para

പറവൂർ: ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത അയൽപക്കത്തായ ദർശനം സാക്ഷാത്കരിക്കുവാൻ ജനസമൂഹം തയ്യാറാകണമെന്ന് ചാലക്കുടി ശ്രീനാരായണ ഗുരുചൈതന്യ മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയുടെ ഗുരുദേവ പ്രതിഷ്ഠയുടെ നാലാമത് വാർഷിക സത്സംഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

എല്ലാവരും ഒരേയൊരു ആത്മസത്തയുടെ സ്ഫുരണങ്ങളാകയാൽ ആത്മസഹോദരന്മാരാണ്. അവിടെ ജാതിമതഭേദചിന്തകൾ പാടില്ലെന്ന് ഗുരുദേവൻ ഉപദേശിച്ചു. എല്ലാവരുടേയും സമഗ്രമായ പുരോഗതിയിലൂടെ സമൂഹിക നീതി കൈവരിയ്ക്കാനാകണം. പക്ഷേ, ഇപ്പോഴും അധീശത്വവും മേൽക്കോയ്മയും വെച്ചുപുലർത്തുന്ന അധികാരവർഗം അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ എല്ലാ രംഗത്തും തഴയുന്നു. സി. കേശവനും ആർ. ശങ്കറും മുഖ്യമന്ത്രിയായിരുന്ന പ്രസ്ഥാനത്തിൽ ഈ വിഭാഗക്കാരുടെ ഇപ്പോഴത്തെ ദുരവസ്ഥ നാം കണ്ണുതുറന്നു കാണണം. ധീവര, വിശ്വകർമ്മ പിന്നോക്ക വിഭാഗങ്ങളും പിന്തള്ളപ്പെടുന്നു.

ഗുരുദേവന്റെ സംഘടിച്ചു ശക്തരാകുവിൻ എന്ന ഉപദേശ പ്രകാരം രാഷ്ടീയഭേദം വെടിഞ്ഞ് സംഘടിച്ചേ തീരൂ.

കേരളത്തിലെ മൂന്നു മുന്നണികളും പിന്നോക്ക, ദളിത് വിഭാഗങ്ങളെ അയിത്തം കല്പിച്ചകറ്രി നിർത്തിയിരിക്കുകയാണ്. ഈ അനീതി മനസിലാക്കി പ്രതികരണ ശേഷിയോടെ മുന്നേറുവാൻ അധ:സ്ഥിത സമുദായങ്ങൾക്ക് സാധിക്കണം. അന്യർക്ക് ഗുണമുണ്ടാകുവാൻ ആയുസും യപുസും ആത്മതപസും ബലിയർപ്പിച്ച മഹാഗുരു അവകാശങ്ങൾ ചോദിച്ചു വാങ്ങുണമെന്ന രാഷ്ടീയ ദർശനവും അവതരിപ്പിച്ചിട്ടുണ്ട്. ആത്മീയമായ അടിത്തറയിൽ സാമൂഹിക ജീവിതം വാർത്തെടുത്താൽ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഭൗതിക പുരോഗതി നേടാനാവൂയെന്നും വിവേകമുണ്ടായിരിക്കണമെന്നും സച്ചിദാനന്ദസ്വാമി പറഞ്ഞു.

ഗുരുദേവ സംഘമിത്ര വൈസ് ചെയർമാൻ മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ടീച്ചർ, ഗുരുദേവ സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.