തൃക്കാക്കര: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം ജില്ലാതല പരാതി പരിഹാര അദാലത്ത് മൂന്ന് വേദികളിലായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അദാലത്തിന് സീനിയർ ഗവ. സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മേൽനോട്ടം വഹിക്കും. ഫെബ്രുവരി 15, 16, 18 തീയതികളിലാണ് അദാലത്ത്.ഫെബ്രു: 15ന് എറണാകുളം ടൗൺഹാളിലാണ് അദാലത്തിന്റെ തുടക്കം. മന്ത്രിമാരായ വി.എസ് സുനിൽകുമാർ ഇ. പി ജയരാജൻ ജി. സുധാകരൻ എന്നിവരും ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.കണയന്നൂർ, കൊച്ചി താലൂക്കുകളുടെ അദാലത്താണ് 15 ന് നടക്കുന്നത്. ആലുവ, പറവൂർ താലൂക്കുകളിലെ അദാലത്ത് 16ന് ആലുവ യുസി കോളേജിലും കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ അദാലത്ത് 18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലും നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദ്ദേശപ്രകാരം നേരിട്ട് റവന്യൂ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. അദാലത്ത് നടക്കുന്ന ദിവസം മന്ത്രിമാർക്ക് നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്ക് ഫീസ് സർക്കാർ നല്കും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ആദിവാസി മേഖലകളിലെ അപേക്ഷ നേരിട്ട് ഉദ്യോഗസ്ഥരെത്തി സ്വീകരിക്കണം.റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമിലുണ്ടാകുക.