ഏലൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം സ്പോൺസർഷിപ്പിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി നടത്തിയ മെഷീൻ ഓപ്പറേറ്റർ കോഴ്സ് പൂർത്തിയാക്കി ദുബായ് ഹോട്ട്പാക്ക് പാക്കേജിംഗ് എൽ.എൽ.സിയിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഓഫർ ലെറ്ററും വിസയും നഗരസഭ ചെയർമാൻ എ .ഡി. സുജിൽ വിതരണം ചെയ്തു. വൈസ് ചെയർ പേഴ്സൺ ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ സെക്രട്ടറി പി കെ സുഭാഷ്, സിപ്റ്റ് പ്രിൻസിപ്പൽ ഡയറക്ടർ ആൻഡ് ഹെഡ് ഡോ.ബി ശ്രീനിവാസുലു ,പ്ലേസ്മെന്റ് ഓഫീസർ മോനിഷ കെ മോഹൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.എം.ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെരീഫ്, ദിവ്യാ നോബി, പി.ബി.രാജേഷ്, പി.എം.അയുബ്, എസ്.ഷാജി എന്നിവർ സന്നിഹിതരായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ സിപ്റ്റ് യുവതീയുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സഹായകമായ മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തി വരുന്നുണ്ട്. കൂടാതെ മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സുകളും രണ്ടു വർഷത്തെ എം.എസ്.സി പ്രോഗ്രാമുകളും നടത്തുന്നുണ്ട്.പ്ലാസ്റ്റിക്ക് വ്യവസായവുമായി ബന്ധപ്പെട്ട സംരംഭകത്വ പരിശീലന പരിപാടികളും ടെസ്റ്റിംഗ്,പ്രോസസിംഗ്,പ്രോഡക്റ്റ് ഡെവലപ്മെന്റ് തുടങ്ങിയ സേവനങ്ങളും സിപ്റ്റ് നൽകി വരുന്നുണ്ട്.