പള്ളുരുത്തി: പാതി വഴിയിലായ കുമ്പളങ്ങി മാതൃക ടൂറിസം പദ്ധതി പുനരാരംഭിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ഹാറ്റ്സ് കുമ്പളങ്ങി ഡസ്റ്റിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. കെ.വി.തോമസ് ടൂറിസം മന്ത്രി ആയിരിക്കെയാണ് കുമ്പളങ്ങി മാതൃക ടൂറിസ കേന്ദ്രമാക്കിയത്. ലോക ഭൂപടത്തിൽ കുമ്പളങ്ങി സ്ഥാനം പിടിക്കുകയും ചെയ്തു. എന്നാൽ മന്ത്രി കസേര പോയതോടെ പദ്ധതികളും പാളി.ഗ്രാമത്തിൽ തുടങ്ങിവച്ച പല പദ്ധതികളും ഇപ്പോൾ പാതി വഴിയിലാണ്. കുമ്പളങ്ങിയിലെ മുഴുവൻ ഹോം സ്റ്റേ, വില്ലകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സഞ്ചാരികൾക്ക് പ്രയോജനമാകുന്ന രീതിയിൽ ഒരു പൊതു വെബ് സൈറ്റ് തുടങ്ങും.കൂടാതെ പഞ്ചായത്തിൽ വില്ലകൾ, ഹോം സ്റ്റേകൾ തുടങ്ങിയ സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും കമ്മറ്റി അറിയിച്ചു. റിവർ റൂട്ട് ഹോം സ്റ്റേയിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം അദ്ധ്യക്ഷത വഹിച്ചു. എം.പി.ശിവദത്തൻ, ഡേവിഡ് ലോറൻസ് തുടങ്ങിയവർ സംബന്ധിച്ചു.കൺവീനറായി സെൽ ജിൻപുഴയോരം, സെക്രട്ടറിയായി ലാലൻ കല്ലഞ്ചേരി, ട്രഷററായി ആന്റണി കണക്കനാടൻ എന്നിവരെയും തിരഞ്ഞെടുത്തു.