കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിന്റെ കൊവിഡേതര രോഗികളുടെ ചികിത്സ ഒരാഴ്ചയ്ക്കുള്ളിൽ പൂർവസ്ഥിതിയിലാവും. കിടപ്പുരോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. അതിനുശേഷം ഒ.പി. സൗകര്യം വർദ്ധിപ്പിച്ച് സമയക്രമം പൂർവസ്ഥിതിയിലാക്കും. രാവിലെ എട്ടു മുതൽ രണ്ടു വരെയാണ് ഒ.പികളുടെ പ്രവർത്തനം. ഇത് വൈകിട്ട് വരെ ദീർഘിപ്പിക്കും. സൂപ്പർ സ്‌പെഷാലിറ്റി വിഭാഗങ്ങളും പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരി ഒന്നു മുതൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിരുന്നെങ്കിലും ആലുവ ജില്ലാ ആശുപത്രിയിലെ നിർമാണം പ്രവർത്തനങ്ങൾ വൈകിയത് വിനയായി. ഇതോടെ കാൻസർ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് കൊവിഡ് കേന്ദ്രം മാറ്റിയ ശേഷമാണ് കൊവിഡേതര ചികിത്സ കാര്യക്ഷമമാക്കുന്നത്. ജനുവരി അവസാനത്തോടെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊവിഡ് ചികിത്സാ കേന്ദ്രം മാറ്റുവാനാണ് തീരുമാനിച്ചിരുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതേയുള്ളൂ. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രമേ പ്രവർത്തനങ്ങൾ പൂർത്തിയാകും. മെഡിക്കൽ കോളേജിലുള്ള രോഗികളെ പഴയ മെഡിക്കൽ ഐ.സി.യുവിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം അടിയന്തിരമായി കാൻസർ സെന്ററിന്റെ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റുകയായിരുന്നു.


ക്ലാസുകൾ ഇന്നു മുതൽ

മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഈ ആഴ്ച മുതൽ പൂർവസ്ഥിതിയിലാവും. അവസാന വർഷ വിദ്യാർത്ഥികളും പി.ജി. വിദ്യാർത്ഥികളും മാത്രമാണ് കോളേജിലുള്ളത്. ഇന്നു മുതൽ രണ്ടു ബാച്ചുകളായി ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ഹോസ്റ്റലിന്റെ പ്രവർത്തനങ്ങളും ആരംഭിക്കും. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചാകും ക്ലാസുകളും ഹോസ്റ്റലുകളും തുടങ്ങുക. രണ്ടാം തീയതി ആദ്യ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങും. അവസാന വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ക്ലാസുകൾ ഏഴിന് തുടങ്ങും. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലാസുകൾ 15 നു തുടങ്ങും. 72 മണിക്കൂറിനിടെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫീക്കറ്റ് വിദ്യാർത്ഥികൾക്ക് ഹാജരാക്കണം.

ഘട്ടംഘട്ടമായി പ്രവർത്തനങ്ങൾ

മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പൂർവസ്ഥിതിയിലാക്കാനായി നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിൽ കൊവിഡേതര രോഗികൾക്കായി ഒ.പി. പ്രവർത്തിക്കുന്നുണ്ട്. കിടപ്പുരോഗികളെ ഈ ആഴ്ച പ്രവേശിപ്പിച്ച് തുടങ്ങും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനങ്ങൾ.

ഡോ. പീറ്റർ വാഴയിൽ
സൂപ്രണ്ട്
മെഡിക്കൽ കോളേജ് കളമശേരി