കോലഞ്ചേരി: ലോകപ്രശസ്ത സുഗന്ധവ്യഞ്ജന സംസ്കരണ സ്ഥാപനമായ സിന്തൈറ്റ് ഗ്രൂപ്പിന്റെ ഉടമയും കൊച്ചി വിമാനത്താവള കമ്പനി ഡയറക്ടറുമായ നെച്ചൂപ്പാടത്ത് സി.വി.ജേക്കബ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : തിരുവാണിയൂർ മേപ്പാടത്ത് ഏലിയാമ്മ ജേക്കബ്. മക്കൾ: ഡോ. വിജു ജേക്കബ് (മാനേജിംഗ് ഡയറക്ടർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്), അജു ജേക്കബ് (ഡയറക്ടർ, സിന്തൈറ്റ്), എൽവി നൈനാൻ, സിൽവി മാണി, മിന്ന ജോർജ്, മിന്നി സജീവ്. മരുമക്കൾ: മിനി വർഗീസ്, രഹന ജേക്കബ്, നൈനാൻ ഫിലിപ്പ് (ഡയറക്ടർ, സിന്തൈറ്റ്), മാണി വർഗീസ് (ഡയറക്ടർ, സിന്തൈറ്റ്), ജോർജ് മത്തായി, ഡോ. സജീവ് ജോർജ്(എം.ഒ.എസ്.സി മെഡിക്കൽ കോളജ്, കോലഞ്ചേരി).
17ാം വയസിൽ ഏലക്ക വ്യാപാരത്തിലൂടെയാണ് ജേക്കബ് സിന്തൈറ്റ് വ്യവസായ സാമ്രാജ്യത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടുക്കി ഡാമിന്റെ മൂലമറ്റം ഭൂഗർഭ പവർ ഹൗസിലേക്കുള്ള ടണൽ നിർമ്മാണം, ശബരിഗിരി, മൂലമറ്റം, ആനയിറങ്കൽ, കല്ലാർകുട്ടി ഡാമുകളുടെ നിർമ്മാണം തുടങ്ങി നിരവധി വൻകിട പദ്ധതികളുടെ നിർമ്മാണ കരാറുകളും ഏറ്റെടുത്തു.
കേരളത്തിലെ ആദ്യത്തെ യന്ത്റവൽകൃത ക്രഷിംഗ് യൂണിറ്റ് തുടങ്ങിയതും ജേക്കബാണ്.
1972 ൽ ആരംഭിച്ച സിന്തൈറ്റ് ഇൻഡസ്ട്രീസ് ആഗോള സുഗന്ധവ്യഞ്ജസത്ത് കയറ്റുമതി മേഖലയിലെ പ്രമുഖ സാന്നിദ്ധ്യമാണ്. അഞ്ഞൂറിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുമുണ്ട്. ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ, ബ്രസീൽ എന്നിവിടങ്ങളിലും സിന്തൈറ്റിന് ഫാക്ടറികളും അമേരിക്കയിലും യൂറോപ്പിലും സെയിൽസ് ഓഫീസുകളുമുണ്ട്.
ഇന്റർ ഗ്രാ ഫുഡ്‌സ് ആന്റ് ബിവറേജസ് , സിമേഗ ഫ്‌ളവേഴ്‌സ് ഇന്ത്യ,സിന്തൈറ്റ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്ട്‌സ്,ഹെർബൽ ഐസൊലേറ്റ്സ്, റമദ റിസോർട്ട്സ് കൊച്ചി, റിവേരിയ സ്യൂട്ട്സ് തേവര എന്നിവയുടെ സ്ഥാപകനുമാണ് . കൊച്ചി വിമാനത്താവളത്തിന്റെ പ്രധാന ഓഹരിയുടമകളിലൊരാളായ ഇദ്ദേഹം പ്രാരംഭ കാലഘട്ടം തൊട്ട് ഡയറക്ടറാണ്. സ്‌പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനായിരിക്കെ രാഷ്ട്രപതിയുടെ ഉദ്യോഗ പത്ര അവാർഡിനർഹനായിട്ടുണ്ട്. ഓർത്തഡോക്‌സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു.