പിറവം: മാർക്കറ്റിന് എതിർവശത്ത് ടൗണിൽ പ്രവർത്തിക്കുന്ന കാർത്തിക സൂപ്പർ മാർക്കറ്റ് തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം.
ഉടമ കക്കാട് പുത്തൻപുരയിൽ പി.കെ.നാരായണൻ, മകൻ ബിമൽ, 12 ഓളം ജീവനക്കാർ, 30 ഉപഭോക്താക്കൾ എന്നിവർ കടയിലുണ്ടായിരുന്നു. ഇവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
പിറവം ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ മറ്റു രണ്ടു നിലകളിലേക്കും പടർന്നിരുന്നു. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് 6 യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഏറെ സമയമെടുത്താണ് നിയന്ത്രിക്കാനായത്.
മറ്റു കടകൾക്കോ ആളുകൾക്കോ അപായമില്ല. മുൻവശത്ത് നിർത്തിയിട്ട വാഹനങ്ങൾ ഉടൻ തന്നെ മാറ്റിയത് കൊണ്ട് കൂടുതൽ നഷ്ടമുണ്ടായില്ല. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ ഇടപെടലുകളുംം ഗുണം ചെയ്തു.
ഗ്രൗണ്ട് ഫ്ലോറിൽ നവീകരണം നടക്കുന്നതിനിടെ വൈദ്യുത ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
പിറവത്തെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായിരുന്നു ഇത്. മൂന്നു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ബന്ധപ്പെട്ടവർ പറഞ്ഞു.