കോഴിക്കോട്: മുൻ ലോ സെക്രട്ടറിയും റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജിയുമായ സി. ഖാലിദ് (81) അന്തരിച്ചു. കൊവിഡ് ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
ഹൈക്കോടതി അഭിഭാഷകനായിരുന്നു. കേരള അഭിഭാഷക സാഹിത്യവേദി ( കസവ് ) മുൻപ്രസിഡന്റാണ്.
കണ്ണൂർ ഇരിക്കൂറിലെ ചെരട്യാടന്റകത്ത് പരേതരായ കെ.വി പോക്കറിന്റെയും സി. പാത്തൂട്ടിയുടെയും മകനാണ്. കൊച്ചി എസ്.ആർ.എം റോഡ് ഹംസക്കുഞ്ഞ് ലെയ്‌നിലെ വസതിയിലായിരുന്നു താമസം. കോഴിക്കോട്, പാലക്കാട്, കോട്ടയം, മഞ്ചേരി എന്നിവിടങ്ങളിൽ ജില്ലാ ജഡ്‌ജിയായിരുന്നു.
തലശേരി ഗവ. ബ്രണ്ണൻ കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം സുപ്രിം കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് വി. ഖാലിദിന്റെ കീഴിലാണ് തലശ്ശേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. വിരമിച്ച ശേഷം ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മിഷൻ മുമ്പാകെ മുസ്‌ലിം ലീഗിനും സി.കെ.പി ചെറിയ മമ്മുക്കേയിയ്ക്കും വേണ്ടി ഹാജരായിട്ടുണ്ട്. രജനി എസ്. ആനന്ദ് കമ്മിഷൻ, നിർമ്മലഗിരി കോളേജ് കമ്മിഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായിരുന്ന ഖാലിദ് കണ്ണൂർ ജില്ലാ മുസ്‌ലിം എജ്യുക്കേഷൻ അസോസിയേഷൻ, തലശേരി ദാറു സലാം യത്തീംഖാന എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആസിയ (കാഞ്ഞിരോട്), പരേതയായ ബീവി (തലശ്ശേരി). സഹോദരങ്ങൾ: സി. കമാൽകുട്ടി (ഇരിക്കൂർ പൈസായി), മുനീർ, ഖദീജ.