ss

തിരുവനന്തപുരം: തമ്പാനൂരിൽ മണി എക്‌സ്‌ചേഞ്ച് സ്ഥാപനയുടമയെ മർദ്ദിച്ച് 4.35 ലക്ഷം മോഷ്ടിച്ച മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക് വീരസവർക്കർ നഗർ സ്വദേശി ശശാങ്ക് ശ്യാം പവാർ (29), താനെ കല്യാൺ മന്താദിത്താലിയ സ്വദേശി സാഗർ ഗിരീഷ് ചിറ്റ്നിസ് (44), നാസിക് സ്വദേശി അശ്വിൻ ഷറാദ് കാലെ (25) എന്നിവരെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് വൈകിട്ട് തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുള്ള ക്ലാസിക് സരോവർ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. പ്രതികൾ ഹോട്ടലിലെ അഞ്ചാംനിലയിലെ സ്യൂട്ട് റൂം വാടകയ്ക്കെടുത്ത ശേഷം മാഞ്ഞാലിക്കുളം റോഡിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം നടത്തുന്ന ഫൈസലിനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒന്നാം പ്രതി ശശാങ്ക് ശ്യാം പവാർ ഈ ഹോട്ടലിലെ സ്റ്റാഫാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം 6,000 ഡോളർ എക്‌സ്‌ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ കൊണ്ടുവരണമെന്ന് ഫോണിൽ ആവശ്യപ്പെട്ടു. തുടർന്ന് ഫൈസൽ പണവുമായി റൂമിലെത്തിയപ്പോൾ പ്രതികൾ അയാളെ മർദ്ദിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഫൈസൽ അറിയിച്ച ഉടൻ സംഭവസ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ സി.സി ടിവിയിൽ നിന്നും പ്രതികൾ രക്ഷപ്പെട്ട കാറിന്റെ നമ്പർ മനസിലാക്കി. തുടർന്ന് ഡ്രൈവറെ ബന്ധപ്പെട്ട പൊലീസ് വണ്ടി അടുത്തുള്ള സ്റ്റേഷനിലെത്തിക്കാൻ പറഞ്ഞു. പൊലീസ് നിർദ്ദേശ പ്രകാരം ഡ്രൈവർ കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിൽ വണ്ടി നിറുത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങിയോടിയ പ്രതികളെ കല്ലമ്പലം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്നും മോഷ്ടിച്ച പണവും കണ്ടെത്തി. ഇവർ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ നിരവധി കവർച്ചകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരം ഈ സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.വി. ഗോപിനാഥ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു. തമ്പാനൂർ എസ്.എച്ച്.ഒ ബൈജു, എസ്.ഐമാരായ സുധീഷ്, വിവേക്, വിമൽ, എസ്.സി.പി.ഒമാരായ സഞ്ജു, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.