കല്ലമ്പലം: നാവായിക്കുളത്തെ ഞെട്ടിച്ച് ദാരുണമായി വിടപറഞ്ഞ സഫീറിനും മക്കൾക്കും കണ്ണീരോടെ നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ട് 4ഓടെയാണ് നാവായിക്കുളം വൈരമല എ.ആർ. മൻസിലിൽ എത്തിച്ചത്. നാവായിക്കുളം നൈനാംകോണം വടക്കേവയൽ മംഗ്ലാവിൽവാതുക്കൽ വയലിൽ വീട്ടിൽ സഫീർ (34), നാവായിക്കുളം ഗവ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ മൂത്തമകൻ ആറാംക്ലാസ് വിദ്യാർത്ഥി അൽത്താഫ് (11), ഇളയമകൻ നാലാം ക്ലാസ് വിദ്യാർത്ഥി അൻഷാദ് (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽത്താഫിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇളമകനുമായി സഫീർ കുളത്തിൽചാടി മരിക്കുകയായിരുന്നു. സഫീറിന്റെ ഭാര്യ റജീന താമസിക്കുന്ന എ.ആർ മൻസിലിൽ ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ രാവിലെ മുതൽ ആളുകൾ എത്തിയിരുന്നു. കല്ലമ്പലം സി.ഐ ഐ. ഫറോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജനങ്ങളെ നിയന്ത്രിച്ചു. വീടിനുമുന്നിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. ഭർത്താവിന്റെയും മക്കളുടെയും മുഖം അവസാനമായി ഒരുനോക്കുകാണാനെത്തിയ റജീന മൃതദേഹത്തിന് അടുത്തെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഒടുവിൽ വനിതാ പൊലീസുകാരും ബന്ധുക്കളും ചേർന്ന് റജീനയെ വീടിനകത്തേക്ക് മാറ്റുകയായിരുന്നു. റജീനയുടെ ഉമ്മ ബുഷ്റ ചെറുമക്കളുടെ ചേതനയറ്റ ശരീരംകണ്ട് പൊട്ടിക്കരഞ്ഞു. അഡ്വ. വി. ജോയി എം.എൽ.എ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വാർഡ് മെമ്പർ സാബു, സഫീറിന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാർ, സുഹൃത്തുക്കൾ, നാട്ടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. 15 മിനിറ്റോളം പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ രാത്രി 8 ഓടെ നെടുമങ്ങാട് ചുള്ളിമാനൂർ ജുമാ മസ്ജിദിൽ കബറടക്കി.
കരുതലും കാവലുമായി ബന്ധുക്കളും നാട്ടുകാരും
കല്ലമ്പലം: സഫീറിന്റെയും മക്കളുടെയും മരണവാർത്ത സഫീറിന്റെ ഭാര്യ റജീനയെയും ഭാര്യാ മാതാവ് ബുഷ്റയെയും ആദ്യം അറിയിച്ചിരുന്നില്ല. മക്കളെ കാണാനില്ലെന്ന് മാത്രമാണ് ഇവരോട് പറഞ്ഞിരുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് മരണവിവരം ഇരുവരെയും അറിയിച്ചത്. പിന്നാലെ ബുഷ്റ വീടിനു മുന്നിലെ കിണറ്റിൽ ചാടാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് തടയുകയായിരുന്നു. മരണവിവരം അറിഞ്ഞശേഷം റജീന രണ്ടുതവണ ബോധരഹിതയായി. ഇരുവരെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഒപ്പമുണ്ട്.