കൊച്ചി: ഇലക്ട്രിക് വാഹന നിർമ്മാണരംഗത്ത് ലോക ശ്രദ്ധനേടി മുന്നേറുന്ന പ്രമുഖ അമേരിക്കൻ ബ്രാൻഡായ ടെസ്ല ഈ വർഷം ഇന്ത്യയിലെത്തുകയാണ്. ഇക്കാര്യം ടെസ്ല സി.ഇ.ഒ എലോൺ മസ്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സ്ഥിരീകരിച്ചുകഴിഞ്ഞു.
പക്ഷേ, ഇന്ത്യയിലെത്തും മുമ്പേ അയൽപക്കത്ത്, അങ്ങ് നേപ്പാളിൽ 2020ൽ തന്നെ ടെസ്ല വരവറിയിച്ചിരുന്നു. ഔദ്യോഗികമായി നേപ്പാളിൽ ടെസ്ല ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞവർഷം അവിടെ വിറ്റഴിച്ചത് ഏഴ് മോഡലുകളാണ്. ഇതിൽ മോഡൽ 3യുടെ സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പുകളും നാലെണ്ണം മോഡൽ എക്സ് ലോംഗ് റേഞ്ച് പതിപ്പുകളുമാണ്.
ഇന്ത്യയിൽ 2021ന്റെ ആദ്യ പകുതിയിൽ തന്നെ ടെസ്ല ഔദ്യോഗികമായി എത്തും. ബുക്കിംഗും വില്പനയും ഇതേകാലത്ത് തന്നെ നടക്കും. ടെസ്ലയുടെ ഏറ്റവും ജനപ്രിയമായ സെഡാൻ മോഡലായ മോഡൽ 3 ആകും ഇന്ത്യൻ മണ്ണിൽ ആദ്യമെത്തുക. ഇതിന്, ഏകദേശം 50-60 ലക്ഷം രൂപ പ്രാരംഭവില പ്രതീക്ഷിക്കാം. ടെസ്ലയുടെ ഏറ്റവും വിലകുറഞ്ഞ കാറും ഇതാണ്.
ടെസ്ലയുടെ ഇന്ത്യാ പ്രവേശനം ആരാധകർ ഉറ്റുനോക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ ടെസ്ലയ്ക്ക് താത്പര്യവുമുണ്ട്. എന്നാൽ, നിർമ്മാണത്തിൽ 30 ശതമാനം അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്നുതന്നെ കണ്ടെത്തണമെന്ന വ്യവസ്ഥയാണ് പ്രവേശനം വൈകാൻ കാരണം. നേപ്പാളിലേക്ക് ചൈനയിൽ നിന്നാണ് ടെസ്ല ഇറക്കുമതി ചെയ്തത്. ഇത്തരത്തിലാകും ഇന്ത്യയിലും ടെസ്ലയുടെ കാറുകൾ എത്താൻ സാദ്ധ്യത.