കൊച്ചി: ഇറ്റാലിയൻ അത്യാഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനിക്ക് പുതുവർഷത്തിൽ ഇന്ത്യയിലുള്ളത് മികച്ച വില്പന പ്രതീക്ഷകൾ. 2019ൽ ലംബോർഗിനി 270 ഓളം യൂണിറ്റുകളുടെ വില്പന ഇന്ത്യയിൽ നേടിയിരുന്നു. 2021ൽ വില്പന ഇതിനെ മറികടക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സൂപ്പർ ലക്ഷ്വറി കാർ വിപണി കരകയറുന്നുവെന്ന വിലയിരുത്തലാണ് ലംബോർഗിനിക്കുള്ളത്. രണ്ടുകോടി രൂപയ്ക്കുമേലാണ് ലംബോർഗിനി മോഡലുകൾക്ക് ഇന്ത്യയിൽ വില. കമ്പനിയുടെ ആദ്യ എസ്.യു.വിയായ ഉറൂസാണ് വില്പനയിൽ 50 ശതമാനത്തോളം വിഹിതവും കൈയാളുന്നത്. ഈ ട്രെൻഡ് തുടരുമെന്ന് തന്നെ ലംബോർഗിനി വിശ്വസിക്കുന്നു.
2021ൽ ലംബോർഗിനിയുടെ ആദ്യ ലോഞ്ച് ഹുറാകാൻ ഇ.വി.ഒ ആർ.ഡബ്ള്യു.ഡി സ്‌പൈഡർ ആയിരിക്കും. പിന്നാലെ ഹുറാകാൻ എസ്.ടി.ഒയുമെത്തും. റേസിംഗ് കാറിന്റെ തനത് അനുഭവവും അത്യാധുനിക സാങ്കേതികവിദ്യയുടെ മേന്മകളും സമ്മാനിക്കുന്ന മോഡലാണിത്.