മലയിൻകീഴ്: മലയിൻകീഴ് സബ് ട്രഷറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഫെബ്രുവരി ആദ്യ വാരം തന്നെ ഉദ്‌ഘാടനം നടത്താനാണ് ശ്രമം. ഇതോടെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന സബ്‌ട്രഷറിയുടെ പരാധീനതകൾക്ക് പരിഹാരമാവും. ഇരു നിലകളിലായി മികച്ച സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമാക്കുന്നത്. വർഷങ്ങളായി ഇടുങ്ങിയ ചെറിയ കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വന്നത്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പെൻഷനും മറ്റ് ആവശ്യങ്ങളുമായി എത്തുന്ന വയോധികരും മറ്റും വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി ഫണ്ടിൽ നിന്നും 1.71 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി ഐ.ബി. സതീഷ് എം.എൽ.എ പരിശോധിച്ചു. എത്രയും വേഗം പണി പൂർത്തിയാക്കി കെട്ടിടം തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് എം.എൽ.എ അറിയിച്ചു.