തിരുവനന്തപുരം : ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസും ജയിലുദ്യോഗസ്ഥരും തടവ് ചാടിയ കൊലക്കേസ് പ്രതികളെ തിരക്കി നാടാകെ അലഞ്ഞത് മിച്ചം. രക്ഷപ്പെട്ട ജയിൽപുള്ളികളിലൊരാളായ രാജേഷിന് തുണികളും അമ്മയുടെ പക്കൽ നിന്ന് 28,000 രൂപയും എത്തിച്ചുനൽകിയ സുഹൃത്ത് രവി പിടിയിലായതൊഴിച്ചാൽ ജയിൽചാട്ടത്തെയോ ചാടിയവരെയോ പറ്റി യാതൊരു സൂചനയും ലഭിക്കാതെ വിഷമിക്കുകയാണ് പൊലീസ് - ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ.
കന്യാകുമാരി കൊല്ലങ്കോട് സ്വദേശി ശ്രീനിവാസൻ, കാട്ടാക്കട വീരണകാവ് മൊട്ടമൂല സ്വദേശി രാജേഷ്കുമാർ എന്നിവരാണ്
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കഴിയുന്നതിനിടെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ഇക്കഴിഞ്ഞ 24ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. രണ്ടുപ്രതികൾ തടവുചാടിദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു സൂചനയുമില്ല. കേരളത്തിനകത്തും പുറത്തുമായി ഇവർ ഒളിയ്ക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരതിയ പൊലീസും ജയിൽ വകുപ്പും പ്രതികളെ പിടികൂടാൻ കഴിയാതായതോടെ ആശങ്കയിലായി.
ജയിൽ ചാട്ടത്തിന് വ്യക്തമായ ആസൂത്രണം
ഇരുവരും വ്യക്തമായ ആസൂത്രണത്തിനൊടുവിലാണ് ജയിൽ ചാടിയതെന്നാണ് ഇപ്പോൾ മനസിലാകുന്നത്. രാജേഷിന്റെ അമ്മ കാൽലക്ഷത്തിലധികം രൂപയും തുണികളും നാടുവിടാനായി സ്വരൂപിച്ച് നൽകിയതും ജയിൽ ചാടി ദിവസങ്ങൾ കഴിഞ്ഞശേഷവും ഇവരെ കണ്ടെത്താനാകാത്തതും രക്ഷപ്പെടൽ ആസൂത്രിതമായിരുന്നുവെന്ന സൂചനയാണ് നൽകുന്നത്. സംഭവത്തിൽ ജയിൽ വകുപ്പ് ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തി ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചില്ലെന്ന മട്ടിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രതികളുടെ തടവുചാട്ടം ജയിൽ വകുപ്പിന്റെ വീഴ്ചയായാണ് നിരീക്ഷിക്കപ്പെടുന്നത്. തടവുപുള്ളികൾ രക്ഷപ്പെട്ട സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് കേസ് രജിസ്റ്റർചെയ്ത് ആരംഭിച്ചിരിക്കുകയാണ്. ലുക്ക് ഔട്ട് നോട്ടീസിന്റെ സഹായത്തോടെ കേരളത്തിനകത്തും പുറത്തുമായി വ്യാപക തിരച്ചിൽ ഇവർക്കായി തുടർന്നുവരികയാണെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന നെടുമങ്ങാട് ഡിവൈ.എസ്.പി വെളിപ്പെടുത്തി.
കൊടും ക്രിമിനലുകൾ
വെമ്പായത്ത് പത്താം ക്ളാസ് വിദ്യാർത്ഥിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാജേഷ്കുമാറും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ ശ്രീനിവാസനുമാണ് ഇക്കഴിഞ്ഞ 23ന് ജയിൽ ചാടിയത്. 2012 മാർച്ചിൽ കേരളത്തിൽ ഞെട്ടലുണ്ടാക്കിയ കൊലക്കേസിലെ പ്രതിയാണ് കാട്ടാക്കട സ്വദേശി രാജേഷ്.
പത്താംക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്.
ഓട്ടത്തിനിടെ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീൽ റോഡുവക്കിലെ കുഴിയിൽ വീണു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് വേറ്റിനാട്ടെ വീട്ടിൽപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പത്താംക്ളാസുകാരിയും പരിസരത്തെ ചില കുട്ടികളും ഓട്ടോ പൊക്കുന്നതിന് രാജേഷിനെ സഹായിച്ചു.തുടർന്ന് വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്ക്രൂ ഡ്രൈവർ വാങ്ങാനെന്ന വ്യാജനേ വീടിനകത്തുകയറുകയും കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ വ്യാജപേരിൽ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവം നടന്ന് മൂന്നുമാസത്തിനുള്ളിൽ തന്നെകേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
വിചാരണക്കോടതി വധശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. പ്രതി രാജേഷ് ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികൾ ജാമ്യം നിഷേധിച്ചു.
ഗർഭിണിയെ കൊന്നു
2004ൽ മലമ്പുഴയിൽ ഗർഭിണിയെ കൊന്ന കേസിലാണ് കനകപ്പനെന്ന ശ്രീനിവാസൻ ശിക്ഷിക്കപ്പെട്ടത്. നേരത്തെ പരോളിലിറങ്ങിയ ശേഷം ഏഴ് വർഷത്തോളം മുങ്ങിനടന്നയാളാണ് ശ്രീനിവാസൻ. പിന്നീട് സ്വയം ജയിലിലേക്ക് തിരികെ വരുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജേഷിന്റെ ശിക്ഷ ജീവപര്യന്തമായി കോടതി ഇളവ് ചെയ്തെങ്കിലും ശിക്ഷാകാലയളവിൽ രാജേഷിന് ഇളവുകളൊന്നും നൽകരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധിച്ച രാജേഷ് തടവ് ചാടിയതോടെ ഇയാളെ തുറന്ന ജയിലിലേക്ക് മാറ്റിയത് ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.മറ്റ് ജയിലുകളിൽ നിന്ന് വ്യത്യസ്തമായി തടവുകാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ഇടമാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ. ഉച്ചയോടെ കൃഷിപ്പണിക്കായി സെല്ലിൽ നിന്ന് ഇറക്കിയ പ്രതികളെയാണ് രാത്രി ഏഴ് മണിയോടെ കാണാതായത്.
പരോളിലിറങ്ങി മുങ്ങിയ സമയത്ത് ശ്രീനിവാസൻ കോയമ്പത്തൂരിലെ തുണിമില്ലുകളിലായിരുന്നു ജോലി ചെയ്തത്. അതിനാൽ അവിടം ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസും ജയിൽവകുപ്പും ഇവർക്കായി അന്വേഷണം നടത്തിയത്.