തിരുവനന്തപുരം: ചലച്ചിത്രനടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിയ്ക്കൽ കൊണ്ടോട്ടി സ്വദേശി ഫസൽ- ഉൾ- അക്ബറി (27) നെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. മരുതംകുഴി ജംഗ്ഷനിലുള്ള കൃഷ്ണകുമാറിന്റെ ഇരുനില വീട്ടിന്റെ മതിൽ ചാടിക്കടന്ന് വീടിന്റെ സിറ്റൗട്ടിലെത്തി സിനിമാ നടിയായ മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അസമയത്ത് പരിചയമില്ലാത്ത ആളിനെ മകളെ കാണിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അയാൾ ബഹളം വയ്ക്കുകയും വീടിനകത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം വീട്ടുകാർ വട്ടിയൂർക്കാവ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവാവിനെ അറസ്റ്റു ചെയ്തു.മലപ്പുറം സ്വദേശിയായ ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്ത് എത്തി ആട്ടോ റിക്ഷയിലാണ് ഇവിടെയെത്തിയത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മാനസിക പ്രശ്നമുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.രാഷ്ട്രീയമായ കാര്യമാണോ സിനിമാസംബന്ധമായ വിഷയമാണോയെന്ന് വ്യക്തമല്ലെന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാർ മൊബൈൽ ഫോണിൽ പകർത്തിയ ചാടിക്കടക്കുന്നതിന്റെ ദൃശങ്ങളും പൊലീസിന് നൽകി. ഗേറ്റിനു മുന്നിൽ വന്ന യുവാവ് പെട്ടെന്ന് ഗേറ്റ് ചാടിക്കടക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് മൊബൈലിൽ പകർത്തിയത്. വട്ടിയൂർക്കാവ് എസ്. എച്ച്. ഓ ശാന്തകുമാർ, എസ്.ഐ മാരായ ജയപ്രകാശ്, ബിജു, എസ്.സി.പി.ഒ അനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.