ss


തിരുവനന്തപുരം: ബീമാപള്ളി ഭാഗത്തുളള മൊത്ത വില്പന കേന്ദ്രത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി.ബീമാപളളിക്ക് സമീപത്തെ കടയിൽ നിന്നാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് പിടിച്ചെടുത്തത്. കടയുടമയായ വളളക്കടവ് ബദറുദ്ദീൻ ബിൽഡിംഗ്സിൽ മാഹീനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റിവരുന്ന ലോറികളിൽ ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങൾ കടത്തിയിരുന്നത്. നഗരത്തിലെ കടക്കാർക്ക് വൻതോതിൽ പകയില ഉത്പന്നങ്ങൾ മൊത്തവിൽപ്പന നടത്തി വന്നിരുന്ന മാഹീനെക്കുറിച്ച് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഈ കട ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പൂന്തുറ പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് 21 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 5 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തത്. പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ രാജീവ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, ഷിബു, സി.പി.ഒമാരായ രഞ്ജിത്, അരുൺ, നാജി ബഷീർ, ഷിബു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്.