s

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗത്തിൻ കീഴിൽ ആരംഭിച്ച സ്പൈൻ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദും സ്പൈൻ സ്പെഷ്യാലിറ്റി ക്ലിനിക്കിലെത്തിയ ആദ്യത്തെ രോഗിയും ചേർന്ന് നിർവഹിച്ചു. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സ്പൈനൽ ട്യൂമറുകൾ, നട്ടെല്ലിനെ ബാധിക്കുന്ന ക്ഷയം തുടങ്ങി ശരീരം സ്തംഭനാവസ്ഥയിലേയ്ക്കെത്തുന്ന രോഗമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ചികിത്സ ലഭ്യമാക്കുന്നതിനാണ് സ്പൈൻ ക്ലിനിക്ക് ആരംഭിച്ചത്.

ന്യൂറോ സർജറി വിഭാഗത്തിൽ വരുന്ന നട്ടെല്ല് സംബന്ധമായ രോഗമുള്ളവരേയും തലച്ചോറിനെ ബാധിക്കുന്ന രോഗമുള്ളവരെയും വേർതിരിച്ച് ചികിത്സ ലഭ്യമാക്കുക വഴി രോഗികളുടെ തിരക്ക് ഒഴിവാക്കി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ കഴിയും. കിടപ്പു രോഗികൾക്ക് വീൽ ചെയറിലോ ട്രോളിയിലോ തന്നെ ഡോക്ടറുടെ അടുത്തെത്തി ചികിത്സ ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.പി. അനിൽകുമാർ, ഡോ. കെ.എൽ. സുരേഷ് കുമാർ, ഡോ. രാജ് മോഹൻ, ഡോ. സാനു, നഴ്സിംഗ് ഓഫീസർ സുഭദ്രാമ്മ എന്നിവർ സംസാരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്യാസ്ട്രോ ഒ.പിയിൽ വ്യാഴാഴ്ച ദിവസമാണ് പുതിയ ക്ലിനിക് പ്രവർത്തിക്കുന്നത്.