തിരുവനന്തപുരം: തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രധാന ജംഗ്ഷനുകളിൽ ഇവയുടെ ആക്രമണം പതിവാണ്. തെരുവ് നായ്ക്കളിൽ പലതിനും പേവിഷ ബാധയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിതുര ഗവ. താലൂക്ക് ആശുപത്രി, ഗവ. യു.പി.എസ്, ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലും നായ്ക്കളുടെ ശല്യമുണ്ട്. അടുത്തിടെ തൊളിക്കോട് പഞ്ചായത്തിൽ വൃദ്ധനും രണ്ട് പിഞ്ചുകുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനായ വിതുര കലുങ്കിൽ പകൽ സമയത്തുപോലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. രാത്രിയിൽ ബസിലെത്തുന്ന നിരവധി പേരെ ഇവ ആക്രമിച്ചിട്ടുണ്ട്. വ്യാപാരികൾ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
വളർത്തുമൃഗങ്ങളെ
കടിച്ചുകീറി
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ മേഖലകളിൽ തെരുവ്നായ്ക്കൾ ആടുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സഞ്ചാരികളും ബുദ്ധിമുട്ടിൽ
പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാരികളും തെരുവ് നായ്ക്കളുടെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ്.
പൊന്മുടി, കല്ലാർ, ബോണക്കാട് ടൂറിസം മേഖലകളിലാണ് നായ്ക്കളുടെ ശല്യം കൂടുതലുള്ളത്.