pocso

കടയ്ക്കാവൂർ: അമ്മ മകനെ പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന വാദവുമായി യുവതിയുടെ വീട്ടുകാരും കുടുംബവും രംഗത്തെത്തി. വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി അകന്നു കഴിയുന്ന ഭർത്താവ് മകനെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പരാതി പറയിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് യുവതി ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ഇവർ പറയുന്നു.

രണ്ടാം ഭാര്യയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ആരോപിച്ച് ഭർത്താവിന്റെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

ഭർത്താവിന്റെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവതി ഇപ്പോൾ റിമാൻഡിലാണ്. പോക്സോ കേസിൽ ഇരയെന്നു പറയുന്ന 14കാരൻ പിതാവിനൊപ്പം ഇപ്പോൾ ഗൾഫിലാണെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ഇവർക്ക് ഈ മകനെ കൂടാതെ 17ഉം,11ഉം വയസുള്ള ആൺകുട്ടികളും ആറ് വയസുള്ള പെൺകുട്ടിയുമുണ്ട്. പതിനൊന്നു വയസുള്ള കുട്ടി ഇപ്പോൾ യുവതിയുടെ കുടുംബത്തോടൊപ്പമാണ്. മറ്റു മൂന്നു മക്കൾ പിതാവിനൊപ്പമാണ്. തന്നെയും അമ്മയെയും അച്ഛൻ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് മൂന്നാമത്തെ കുട്ടി പറയുന്നു. അച്ഛനൊപ്പം മൂന്നു ദിവസം താമസിച്ചിരുന്നപ്പോൾ ഉപദ്രവിച്ചെന്നും പട്ടിണിക്കിട്ടെന്നും കുട്ടി വെളിപ്പെടുത്തി.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. യുവതി ഗർഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും മർദ്ദനം പതിവായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറയുന്നു.

യുവതിയെ ജയിലിലടച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഐ.പി.എസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. വക്കം അശോകൻ ജനറൽ കൺവീനറും വക്കം സജീവ് കൺവീനറുമാണ്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.