മാലയും വളയും മോഷണം പോയതിൽ അന്വേഷണം
കോവളം: തിരുവല്ലം വണ്ടിത്തടത്ത് വൃദ്ധയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമികനിഗമനം. വൃദ്ധയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ഇന്നലെ സംസ്കരിച്ചു. വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ദാരുൾ സലാം ഹൗസിൽ പരേതനായ റിട്ട. ബി.ഡി.ഒ ലത്തീഫ് സാഹിബിന്റെ ഭാര്യ ജാൻ ബീവിയെയാണ് (78) വെള്ളിയാഴ്ച വൈകിട്ട് 4ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ ശരീരത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാലയും രണ്ട് പവന്റെ രണ്ട് വളകളും മോഷണം പോയെന്ന ബന്ധുക്കളുടെ പരാതിയിൽ തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.