കൊച്ചി: ടാറ്റയുടെ കീഴിലെ ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാറിന്റെ ആദ്യ സമ്പൂർണ എസ്.യു.വിയായ ഐ-പേസ് ഇന്ത്യയിലെത്തുന്നു. ഐ-പേസിന്റെ ആകർഷകമായ ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്.എസ്.ഇ വേരിയന്റ് മുംബയിൽ എത്തിക്കഴിഞ്ഞു. 90 കെ.ഡബ്ള്യു.എച്ച് ലിഥിയം ബാറ്ററിയാണ്, ബാറ്ററി ഇലക്‌ട്രിക് വിഭാഗത്തിൽ ജാഗ്വാറിന്റെ ഈ ആദ്യ മോഡലിനുള്ളത്.
294 കെ.ഡബ്ള്യു ആണ് കരുത്ത്. പരമാവധി ടോർക്ക് 696 എൻ.എം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.8 സെക്കൻഡ് മതി. ഐ-പേസ് ആദ്യമായി നിരത്തിലിറക്കിയ ശേഷം 'വേൾഡ് കാർ ഒഫ് ദി ഇയർ" ഉൾപ്പെടെ 80ഓളം അവാർഡുകളാണ് കീശയിലാക്കിയത്.
ടെസ്‌റ്റിംഗിനും മറ്റ് പ്രാരംഭ നടപടികൾക്കുമായാണ് ഐ-പേസ് ഇപ്പോൾ ഇന്ത്യയിലെത്തിയിട്ടുള്ളത്. ലോഞ്ചിംഗ് ഏറെ വൈകില്ല. എസ്., എസ്.ഇ., എച്ച്.എസ്.ഇ പതിപ്പുകളിൽ ഐ-പേസ് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകവും സ്‌പോർട്ടീയും തനത് വ്യക്തിത്വവുമുള്ള രൂപകല്‌പനയാണ് ഐ-പേസിന്റെ മറ്റൊരു മികവ്. വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ഈ ആഡംബര ഇലക്‌ട്രിക് കാറിന് 80-90 ലക്ഷം രൂപ മുതൽ പ്രതീക്ഷിക്കാം.