കൊച്ചി: ടൊയോട്ടയുടെ വൻ സ്വീകാര്യതയുള്ള പ്രീമിയം എസ്.യു.വിയായ ഫോർച്യൂണറിന്റെ പുത്തൻ പതിപ്പുകൾ വിപണിയിലെത്തി. 29.98 ലക്ഷം മുതൽ 37.58 ലക്ഷം രൂപവരെയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ഹൈ-എൻഡ് പതിപ്പായി അവതരിപ്പിക്കുന്ന ഫോർച്യൂണർ ലെജൻഡറിന്റെ വിലയാണ് 37.58 ലക്ഷം രൂപ.
സ്ളിം എൽ.ഇ.ഡി ലൈറ്റ്, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കറുപ്പഴകിന്റെ പിന്തുണയോടെ ഡ്യുവൽ ടോൺ എക്‌സ്‌റ്റീരിയർ, വലിയ എയർഡാമുകളും ഒപ്പം ഉള്ളിലേക്ക് ആഴ്‌ന്നിറങ്ങിയത് പോലെയുള്ള ഫോഗ് ലാമ്പുമുള്ള പുതിയ ബമ്പർ എന്നിവ ലെജൻഡറിന്റെ മുൻഭാഗ വിശേഷങ്ങളാണ്.
ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, വയർലെസ് സ്മാർട്‌ഫോൺ ചാർജിംഗ്, 360 ഡിഗ്രി കാമറ, ലെയിൻ ഡിപ്പാർചർ മുന്നറിയിപ്പ് സംവിധാനം, റഡാർ ഗൈഡഡ് ക്രൂസ് കൺട്രോൾ, വീൽ ഓറിയന്റേഷൻ സെൻസർ തുടങ്ങി ഒട്ടേറെ ആകർഷണങ്ങളും മികവുകളുമുണ്ട്. അപ്‌ഡേറ്റ് ചെയ്‌തതാണ് ഫോർച്യൂണറിന്റെ 201 ബി.എച്ച്.പി കരുത്തും 500 എൻ.എം. ടോർക്കുമുള്ള 2.8 ലിറ്റർ ടർബോ ഡീസൽ എൻജിൻ.
164 ബി.എച്ച്.പി കരുത്തും 245 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 2.7 ലിറ്റർ പെട്രോൾ എൻജിൻ. 5 സ്‌പീഡ്, 6-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ഗിയർ സംവിധാനങ്ങൾ. ഓൾ-വീൽ ഡ്രൈവ് ഓപ്‌ഷൻ ഡീസലിൽ നൽകിയിരിക്കുന്നു.