mohammed-azharudheen

1994 മാർച്ച് 24ന് കാസർകോട്ടെ തളങ്കരയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ജനിച്ചുവീഴുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സാക്ഷാൽ അസ്ഹറുദ്ദീൻ അങ്ങ് ന്യൂസിലാൻഡിൽ ഇന്ത്യയെ നയിക്കുകയായിരുന്നു. എട്ട് സഹോദരങ്ങളിലെ ഏറ്റവും ഇളയവന് അസ്ഹറുദ്ദീൻ എന്ന പേര് നൽകിയത് ഏറ്റവും മൂത്തയാളായ കമറുദ്ദീനായിരുന്നു. സാക്ഷാൽ അസ്ഹറുദ്ദീനോടുള്ള ആരാധനയാണ് കമറുദ്ദീനെക്കൊണ്ട് ആ പേര് ഇടീച്ചത്.ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കമറുദ്ദീൻ എന്നെങ്കിലും ഒരിക്കൽ തന്റെ അനുജനും ലോകമറിയുന്ന ഒരു കളിക്കാരനാകുമെന്ന് സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നത്തിന്റെ സാഫല്യമാണ് കഴിഞ്ഞ രാത്രി മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ അത്ഭുത സെഞ്ച്വറിയിലൂടെ കണ്ടത്.

പേരിലുള്ള അസ്ഹറുദ്ദീൻ ക്രിക്കറ്റ് കളിക്കാരനാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോഴേക്കും സാക്ഷാൽ അസ്ഹറിന് ഒത്തുകളിക്കേസിൽ കുടുങ്ങി കളം വിടേണ്ടിവന്നു.തിരിച്ചറിവാകുമ്പോഴേക്കും പേരൊരു ഭാരമായിത്തുടങ്ങിയെങ്കിലും പിന്നീട് അസ്ഹറിനെ കോടതി കുറ്റവിമുക്തനാക്കിയത് കുഞ്ഞ് അസ്ഹറുദ്ദീന് പകർന്ന സന്തോഷം ചില്ലറയല്ല. തങ്ങളുടെ അസ്ഹറിനെ സഹോദരങ്ങൾ ക്രിക്കറ്റിന്റെ വഴിയിലേക്കുതന്നെ നയിച്ചു. 10–ാം വയസ്സിൽ തളങ്കര താസ് ക്ലബ്ബിൽ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹർ 11–ാം വയസ്സിൽ അണ്ടർ 13 ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹർ പിന്നീടു ജില്ലാ ടീം ക്യാപ്ടനുമായി.തുടർന്ന് അണ്ടർ - 15 ടീമിലെത്തി. അവിടെ നിന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ റഡാറിൽ പതിയുന്നത്.

അക്കാഡമിക് ബ്രില്യൻസ്

സംസ്ഥാനത്തുടനീളം ക്രിക്കറ്റ് അക്കാഡമികൾ സ്ഥാപിച്ച് യുവതാരങ്ങളെ കണ്ടെത്തി ,പരിശീലനം നൽകാനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതിയിലൂടെയാണ് അസ്ഹറുദ്ദീൻ അടക്കമുള്ള ഒരു കൂട്ടം പ്രതിഭകൾ കടന്നുവരുന്നത്. അസ്ഹർ 9–ാം ക്ലാസിൽ കോട്ടയം മുത്തോലിയിലെ കെ.സി.എ അക്കാഡമിയിൽ പ്രവേശനം നേടി. 10–ാം ക്ലാസ് കോട്ടയത്തെ മാന്നാനം സെന്റ് എഫ്രേംസ് അക്കാഡമിയിലും. ശേഷം കൊച്ചി തേവര എസ്എച്ച് സ്കൂളിലും കോളജിലുമായി ഹയർ സെക്കൻഡറിയും ഡിഗ്രിയും പഠിച്ചു. കെ.സി.എയുടെ കൊച്ചി അക്കാഡമിയിലായിരുന്നു അപ്പോൾ പരിശീലനം. ആ കാലഘട്ടത്തിൽ കോച്ചായിരുന്ന ബിജുമോനാണു പ്രഫഷനൽ ക്രിക്കറ്റ് താരമെന്ന തലത്തിലേക്കു കരിയറിനെ പാകപ്പെടുത്തിയത്.

2013ൽ അണ്ടർ 19 കേരള ടീമിലെത്തി. നേരിട്ട ആദ്യ പന്തിൽ തമിഴ്നാടിനെതിരെ സിക്സറടിച്ചുകൊണ്ടായിരുന്നു കേരള ടീമിലെ അരങ്ങേറ്റം. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഉള്ളതുകാരണം അസ്ഹർ ബാറ്റ്സ്മാനായി തുടർന്നു. 2 വർഷത്തിനുശേഷം അണ്ടർ 23 ടീമിലേക്കും പിന്നീടു സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015–16 സീസണിൽ കേരളത്തിന്റെ രഞ്ജി ടീം ഇലവനിൽ ഇടം കണ്ടെത്തി. 2015 നവംബർ 14ന് ഗോവയ്ക്കെതിരെ ആദ്യ രഞ്ജി മത്സരം കളിച്ചു. ഇന്നിംഗ്സ് വിജയം നേടിയ ആ കളിക്കു ശേഷം, പരുക്കു കാരണമല്ലാതെ ഒരിക്കൽ പോലും ടീമിനു പുറത്തുപോയിട്ടില്ല.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 22 മത്സരങ്ങൾ കളിച്ച താരം 959 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 112. ഒരു സെഞ്ച്വറിയും അഞ്ച് അർ‌ധസെഞ്ച്വറികളും നേടി. ലിസ്റ്റ് എയിൽ 24 മത്സരങ്ങളിൽനിന്ന് 445 റൺസും ട്വന്റി 20യിൽ 21 മത്സരങ്ങളിൽനിന്ന് 404 റൺസും നേടിയിട്ടുണ്ട്.രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി നേരത്തേ മിന്നും പ്രകടനം നടത്തിയിട്ടുള്ള അസ്ഹറിന്റെ ട്വന്റി20യിലെ തകർപ്പൻ പ്രകടനം ഇതാദ്യമാണ്.

ക്ളാസിക് ബാറ്റിംഗ്

മുംബയ്‌ക്കെതിരെ അസ്ഹറുദ്ദീന്റെ ബാറ്റിംഗ് കണ്ടവരെല്ലാം ഉറപ്പിച്ചുപറയുന്ന ഒരു കാര്യമുണ്ട്; ട്വന്റി-20 ശൈലിയിൽ കണ്ണുംപൂട്ടി അടിക്കുകയായിരുന്നില്ല ഈ 26 കാരൻ. പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ട് സെലക്ഷൻ നടത്തുകയായിരുന്നു. കോപ്പിബുക്ക് ശൈലിക്ക് പുറത്തുള്ള ഷോട്ടുകൾ പരീക്ഷിക്കാൻ താത്പര്യം പ്രകടിപ്പിച്ചതേയില്ല. ക്ളാസിക് എന്നാണ് വിദഗ്ധർ അസ്ഹറിന്റെ ബാറ്റിംഗിനെ വിശേഷിപ്പിക്കുന്നത്. പ്രതിഭ തെളിയുന്നതായിരുന്നു ആ ഗ്രൗണ്ട് ഷോട്ടുകളും പുൾ ഷോട്ടുകളും.20 പന്തുകളിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ അസ്ഹർ ശേഷിക്കുന്ന 17 പന്തുകളിലാണ് സെഞ്ച്വറി പിന്നിട്ടത്.ധവാൽ കുൽക്കർണി ഉൾപ്പടെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു പരിചയമുള്ള ബൗളർമാരെയാണ് അസ്‌ഹർ അടിച്ചു പഞ്ചറാക്കിയത്.ഓഫ് സ്പിന്നർമാരെയും പേസർമാരെയും നേരിടാൻ പ്രത്യേക വൈദഗ്ധ്യവുമുണ്ട്.

തെളിയണം ഐ.പി.എൽ രേഖ

അടുത്ത സീസൺ ഐ.പി.എല്ലിന് മുന്നോടിയായി നടക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫി യുവതാരങ്ങൾക്ക് മാർക്കറ്റ് ഉറപ്പിക്കാനുള്ള സുവർണാവസരമാണ്.അതിലേക്കുള്ള ഉറച്ച ചുവടുവയ്പ്പായിരുന്നു അസ്ഹറുദ്ദീന്റേത്. ഒരിക്കൽ മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ അസ്ഹർ എത്തിയിരുന്നു. പക്ഷേ കളിക്കാൻ സാധിച്ചില്ല. പിന്നീട് ഒരു തവണ ഐ.പി.എൽ ലേലത്തിലും വന്നിരുന്നു. എങ്കിലും ആരും ടീമിലെടുത്തില്ല. സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയാൽ അടുത്ത സീസണിൽ അസ്ഹർ ഏതെങ്കിലും ഐപിഎൽ ടീമിനായി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് അസ്ഹറിന്റെ പ്രിയപ്പെട്ട ടീം. മഹേന്ദ്ര സിംഗ് ധോണിയും കേരള ക്യാപ്ടൻ സഞ്ജു സാംസണുമാണ് പ്രിയപ്പെട്ട താരങ്ങൾ.

കീപ്പിംഗിലും ബെസ്റ്റ്

ബാറ്റിംഗിനേക്കാൾ മികവാണ്

അസ്ഹറുദ്ദീൻ കീപ്പിംഗിൽ കാഴ്ചവയ്ക്കുന്നത്. അസാമാന്യ റിഫക്ളസാണ്. ഡൈവിംഗ് ക്യാച്ചുകളിലും പിന്നിലല്ല. മുഷ്താഖ് ട്രോഫിയിൽ പക്ഷേ അസ്ഹറല്ല, സഞ്ജുവാണ് വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ഇന്ത്യൻ ടീമിലെ സ്ഥാനമുറപ്പിക്കാൻ വേണ്ടിയാണ് സഞ്ജു വിക്കറ്റ് കീപ്പറുടെ റോളിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന പരിഗണന ഐ.പി.എല്ലിൽ അസ്ഹറിന് കൂടുതൽ അവസരങ്ങൾ തുറക്കും.

സീനിയറും ജൂനിയറും

ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ മുഹമ്മദ് അസ്ഹറുദ്ദീൻ ഒരിക്കൽ ജൂനിയർ മുഹമ്മദ് അസ്ഹറുദ്ദീനെ നേരിട്ടെത്തി അനുമോദിച്ചിട്ടുണ്ട്. രഞ്ജിയിൽ സെഐ്വറിയുമായി തിളങ്ങിയപ്പോൾ ജന്മനാടായ തളങ്കരയിലെ നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് ജൂനിയറും സീനിയറും ഒന്നിച്ചത്. കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാൻ ഹൈദരാബാദിൽ പോയപ്പോൾ സീനിയറിനെ അടുത്ത് പരിചയപ്പെടാനും ബാറ്റിംഗ് ടിപ്സ് പഠിക്കാനുമായി. കേരളത്തിന്റെ കോച്ചായിരുന്ന ഡേവ് വാറ്റ്മോറും ഒപ്പമുണ്ടായിരുന്നു. വാറ്റ്മോറാണ് അസ്ഹറുദ്ദീന് പ്രചോദനമേകിയ മറ്റൊരാൾ.

‘മുഹമ്മദ് അസ്ഹറുദ്ദീനെന്ന് പേരുള്ള അസാമാന്യ പ്രതിഭയെ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട്. ഇപ്പോൾ, അതേ പേരിലുള്ള മറ്റൊരു അസാമാന്യ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ചില മികച്ച ഷോട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്’

– ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചത്.