തിരുവനന്തപുരം:നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് വില്പന നടത്തിവന്ന രണ്ട് സ്ത്രീകളെ എട്ട് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. വടുവത്ത് മുട്ടത്തറ സ്വദേശിനി ശാന്തി (49),ചേർത്തല അർത്തുങ്കൽ സ്വദേശിനി ആനി (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് പിടികൂടിയത്. ഇതിൽ ശാന്തി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തടുർന്ന് പൂന്തുറ പൊലീസ് നടത്തിയ റെയ്ഡിൽ ശാന്തിയുടെ വീട്ടിലെ അടുക്കളയിലെ സ്ലാബിന്റെ അടിയിലുള്ള രഹസ്യഅറയിൽ നിന്നാണ് 8 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ മുഖേനയാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. പൂന്തറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ വിഷ്ണു, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, അരുൺ, രഞ്ജിത്ത്, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.