തിരുവനന്തപുരം: അരുവിക്കര പ്ലാന്റിൽ നിന്ന് പുറത്തിറക്കുന്ന 'ഹില്ലി അക്വ' കുടിവെള്ള വിതരണം ആരംഭിച്ചു. കുടുംബശ്രീ മുഖേനയാണ് 20 ലിറ്ററിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. 20 ലിറ്ററിന്റെ ഒരു ജാറിന് 60 രൂപയാണു വില. പ്രതിദിനം 2,720 ജാർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് അരുവിക്കരയിലെ പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ളത്. കരസ്പർശമേൽക്കാതെ പൂർണമായി യന്ത്ര സഹായത്താൽ ഇത് തയാറാക്കുന്നത്. ജല അതോറിട്ടി നൽകുന്ന വെള്ളം സാൻഡ് ഫിൽട്രേഷൻ, കാർബൺ ഫിൽട്രേഷൻ, മൈക്രോൺ ഫിൽട്രേഷൻ, അൽട്രാ ഫിൽട്രേഷൻ ട്രീറ്റ്‌മെന്റ്, ഓക്സിജൻ അളവു ക്രമീകരിക്കുന്നതിന് ഓസോണൈസേഷൻ എന്നിവ നടത്തിയാണ് കുപ്പിവെള്ളമാക്കി വിതരണം ചെയ്യുന്നത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ ടീമിന്റെ നേതൃത്വത്തിൽ ആറു യുവതീയുവാക്കളടങ്ങുന്ന 'സാന്ത്വനം' എന്ന യുവശ്രീ ഗ്രൂപ്പിനെയാണ് കുടിവെള്ള വിതരണത്തിനും മാർക്കറ്റിങ്ങിനും മറ്റുമായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സി.ഡി.എസുകളുടെ കീഴിലുള്ളവരാണ് ഇവർ. പദ്ധതിയുടെ വിശദാംശങ്ങൾ ഈ യൂണിറ്റ് അംഗങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയും കുടിവെള്ളം ആവശ്യമുള്ളവരെ കണ്ടെത്തി വാഹനത്തിൽ നേരിട്ട് എത്തിച്ചു നൽകും. വിവരങ്ങൾ ഫോൺ: 7025635870, 0471 2983848.