cars

കൊച്ചി: ക്രിസ്‌മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ആരവം അയഞ്ഞെങ്കിലും വാഹന വിപണിയിലെ ഓഫർമഴ പെയ്‌തൊഴിഞ്ഞിട്ടില്ല. ഗിയർമാറ്റി കുതിക്കുംപോലെ, വാഗ്‌ദാനപ്പെരുമഴ പുതുവർഷത്തിലും തിമിർ‌ക്കുകയാണ്. ഈ 'മഴയ്ക്കൊരു" പ്രത്യേകതയുണ്ട്, അത് വെറും സന്തോഷപ്പെയ്ത്തല്ല, കൊവിഡിനെതിരായ വാശിയേറിയ പോരാട്ടം കൂടിയാണ്.

മനുഷ്യജീവിതത്തെയാകെ മാറ്റിമറിച്ച കൊവിഡ് മൂലം, നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ പാസഞ്ചർ വാഹനവില്പന കൂപ്പുകുത്തിയത് ദശാബ്ദത്തിലെ തന്നെ ഏറ്റവും താഴ്‌ചയായ 17.8 ലക്ഷം യൂണിറ്റുകളിലേക്കാണ്. എൻട്രി-ലെവൽ കാറുകളും സെഡാനുകളും എസ്.യു.വികളും എം.പി.വികളും ഉൾപ്പെടെയുള്ള കണക്കാണിത്. 2010-11ൽ കുറിച്ച 18.1 ലക്ഷം യൂണിറ്റുകളായിരുന്നു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇതിനുമുമ്പത്തെ മോശം കണക്ക്.

കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞ ഏപ്രിലിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, ആ മാസം വാഹനവില്പന വട്ടപ്പൂജ്യമായിരുന്നു. പ്രതിമാസ വില്പന പൂജ്യമാകുന്നത് ചരിത്രത്തിൽ ആദ്യം. ലോക്ക്ഡൗൺ ഇളവുകളുടെയും ഉത്സവകാലത്തിന്റെയും പിൻബലത്തിൽ പിന്നീട് വാഹനവിപണി കരകയറിയെങ്കിലും മുൻവർഷത്തെ സമാനകാലയളവിനേക്കാൾ വില്പന നന്നേ കുറവായിരുന്നു.

വളർച്ചയുടെ ട്രാക്കിലേക്ക് അതിവേഗം കുതിച്ചുകയറുക കൂടി ലക്ഷ്യമിട്ടാണ് വാഹന നിർമ്മാതാക്കൾ ഇപ്പോഴും ഓഫറുകൾ വാരിവിതറുന്നത്. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളുടെ പുതുവർഷ ഓഫർ തുടരുകയാണ്. അതുകൊണ്ടു തന്നെ, ഇപ്പോൾ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഉറപ്പായും ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. അതിൽ, ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസുമൊക്കെയുണ്ട്. ചില കമ്പനികളുടെ ഓഫർ നോക്കാം:

മാരുതി സുസുക്കി

 ഓൾട്ടോ: ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാർ എന്ന പൊൻകിരീടം ചൂടുന്ന ഓൾട്ടോയ്ക്ക് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും 15,000 രൂപവീതം നേടാം.

 എസ്-പ്രസോ: ഡിസ്കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപവീതം.

 എർട്ടിഗ: കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ഓഫർ

 ഡിസയർ: ഡിസ്‌കൗണ്ട് 8,000 രൂപവരെ. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപവരെ നേടാം.

 ഈക്കോ: കാഷ് ഡിസ്‌കൗണ്ട് 10,000 രൂപവരെ. എക്‌സ്‌ചേഞ്ച് ബോണസായി 20,000 രൂപവരെ.

 സ്വിഫ്‌റ്റ് : കാഷ് ഡിസ്‌കൗണ്ട് 10,000 രൂപ. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപ.

 വിറ്റാര ബ്രെസ: കാഷ് ഡിസ്‌കൗണ്ട് 10,000 രൂപ. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപ.

 വാഗൺആർ: കാഷ് ഡിസ്‌കൗണ്ട് 8,000 രൂപ. എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ.

ഹ്യുണ്ടായ്

 സാൻട്രോ: ഇറ വേരിയന്റിന് 10,000 രൂപയും മറ്റുള്ളവയ്ക്ക് 20,000 രൂപയും കാഷ് ഡിസ്‌കൗണ്ട്. എല്ലാ വേരിയന്റുകൾക്കും എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ.

 ഗ്രാൻഡ് ഐ10 നിയോസ് : 1.2 ലിറ്റർ പെട്രോൾ, സി.എൻ.ജി മോഡലുകൾക്ക് 5,000 രൂപ ഡിസ്‌കൗണ്ട്. 1.0 ലിറ്റർ‌ ടർബോ പെട്രോൾ വേരിയന്റിന് 25,000 രൂപവരെ ഡിസ്‌കൗണ്ട് നേടാം. എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ.

 ഓറ: ഹ്യുണ്ടായിയുടെ ശ്രദ്ധേയ സെഡാനായ ഓറയ്ക്ക് കാഷ് ഡിസ്‌കൗണ്ട് 30,000 രൂപവരെ. എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ.

 കോന ഇ.വി : ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ച ഏക ഇലക്‌ട്രിക് കാറാണ് കോന ഇ.വി. ഒന്നരലക്ഷം രൂപവരെയാണ് കാഷ് ഡിസ്‌കൗണ്ട്.

ടാറ്റാ മോട്ടോഴ്‌സ്

 ഹാരിയർ‌ : 65,000 രൂപവരെയാണ് ഓഫർ. ഇതിൽ 25,000 രൂപവരെ കാഷ് ഡിസ്‌കൗണ്ടാണ്. 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് എക്‌‌സ്‌ചേഞ്ച് ബോണസ് മാത്രം ലഭിക്കും.

 ടിയാഗോ: 25,000 രൂപവരെ ഓഫ്. 15,000 രൂപ കാഷ് ഡിസ്‌കൗണ്ട്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്.

 ടിഗോർ : 30,000 രൂപവരെ ഡിസ്‌കൗണ്ട്.

 നെക്‌സോൺ: ടാറ്റയുടെ ഏറ്റവുമധികം വിറ്റഴിയുന്ന മോഡലുകളൊന്നായി വളരെ പെട്ടെന്ന് വളർന്ന മോഡലാണ് നെക്‌സോൺ. എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടായി 15,000 രൂപവരെ ഡീസൽ പതിപ്പിന് നേടാം.