ee

കൊച്ചി : എറണാകുളം വൈറ്റില തൈക്കൂടത്ത് ഒൻപതു വയസുകാരനെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ സഹോദരീഭർത്താവ് എന്നു പറയുന്ന അങ്കമാലി ചമ്പന്നൂർ സ്വദേശി പ്രിൻസിനെ (19) മരട് പൊലീസ് അറസ്റ്റുചെയ്തു. മൂന്നാം ക്ളാസ് വിദ്യാർത്ഥിയായ കുട്ടിയെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സാധനം വാങ്ങാൻ നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ചട്ടുകം പഴുപ്പിച്ച് തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു. ഇയാൾ സ്ഥിരമായി കുട്ടിയെ മർദ്ദിക്കുകയും കഴുത്തിന് പിടിച്ച് തൂക്കിയെടുക്കുകയും ചെയ്യുമായിരുന്നു. അമ്മയ്ക്കും സഹോദരിക്കും പ്രിൻസിനെ ഭയമായതിനാൽ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് പാദത്തിനടിയിലും മുട്ടുകളിലും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് കിടപ്പുരോഗിയാണ്. പിതാവിന് സുഖമില്ലാതായതോടെ മാതാവും ജോലിക്കു പോകുന്നതു നിറുത്തി. ആശുപത്രിയിൽ വച്ചാണ് പ്രതി കുട്ടിയുടെ കുടുംബവുമായി പരിചയത്തിലായത്. ഇയാൾ ഹോം നഴ്സാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കുട്ടിയുടെ 17 കാരിയായ സഹോദരിയുമായി അടുപ്പത്തിലായ യുവാവ് പിന്നീട് വീട്ടിൽ താമസമാക്കി. രണ്ടു മാസം മുമ്പ് ഇയാൾ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടി.

കുട്ടിയുടെ കുടുംബത്തിന് അയൽക്കാരുമായി യാതൊരു ബന്ധവുമില്ലാത്തതിൽ ഇക്കാര്യങ്ങളൊന്നും ആരും അറിഞ്ഞതുമില്ല.
ഇന്നലെ സംഭവം അറിഞ്ഞെത്തിയ കൗൺസിലർ സുനിത ഡിക്സൻ കുട്ടിയോടും വീട്ടുകാരോടും സംസാരിച്ചു. ആ സമയത്ത് യുവാവും വീട്ടിലുണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ കൗൺസിലർ പൊലീസിലും വിവരം അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.